കൊച്ചി: നഗരത്തിൽ ഗാന്ധിനഗറിലെ പി.ആൻഡ് ടി കോളനി നിവാസികളെ ലൈഫ്ഷൻ പദ്ധതിയിൽ ഭവനസമുച്ചയം നിർമിച്ച് പുനരധിവസിപ്പിക്കുന്നതിന് 14.61 കോടിരൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.
വിശാലകൊച്ചി വികസന അതോറിട്ടിയുടെ വക 70 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളുള്ള കെട്ടിടം നിർമിക്കുന്നതിന് തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
കെട്ടിടത്തിന്റെ അടിസ്ഥാനം ഉൾപ്പെടെ ഘടനാപരമായ രൂപകല്പനയുടെ കൃത്യതയും ഡ്രോയിംഗുകൾ ഐ.ഐ.ടി മദ്രാസ് പരിശോധിച്ച രൂപകല്പനയെ അടിസ്ഥാനമാക്കിയാണെന്നതും സാമ്പത്തികഭദ്രതയും ലൈഫ് മിഷൻ ചീഫ് എൻജിനിയറും സാങ്കേതിക അനുമതി നൽകുന്ന കമ്മിറ്റിയും ഉറപ്പുവരുത്തണമെന്നുതുൾപ്പടെ കർശനമായ ഉപാധികളോടെയാണ് അനുമതി നൽകിയത്.
പദ്ധതിക്ക് തൃശൂർ ജില്ല ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 17.40 കോടിരൂപയുടെ പദ്ധതി റിപ്പോർട്ടാണ് ആദ്യം സമർപ്പിച്ചിരുന്നത്. ഇതുപിന്നീട് 15.77 കോടിയായി ഭേദഗതിചെയ്തു. കഴിഞ്ഞമാസം 3ന് ചേർന്ന ലൈഫ് മിഷൻ ടെക്നിക്കൽ കമ്മിറ്റി പദ്ധതിരേഖ പരിശോധിച്ച് 14.61 കോടിരൂപ അനുവദിക്കാൻ സർക്കാരിൽ ശുപാർശചെയ്തു. ഇതനുസരിച്ചാണ് കെട്ടിടത്തിന്റെ ഗുണനിലവാരം സംബന്ധിച്ച വ്യക്തമായ ഉപാധികളോടെ കഴിഞ്ഞ തിങ്കളാഴ്ച സർക്കാർ അനുമതി നൽകിയത്.