കോലഞ്ചേരി: ഓണത്തിരക്ക് കഴിഞ്ഞപ്പോൾ ആരുമറിയാതെ കോഴിവില കുതിപ്പിലേയ്ക്ക്. ഇന്നലെ കോഴി കിലോ വില 140 ലെത്തി. ഒറ്റയാഴ്ച കൊണ്ട് 40 രൂപയാണ് ഒറ്റയടിയ്ക്ക് കൂടിയത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോഴി വില കുതിക്കുന്നത്. ഓണത്തിന് വില കൂടുമെന്ന് കരുതിയിരുന്നെങ്കിലും വില പിടിച്ചു നിർത്തിയത് ആശ്വാസമായിരുന്നു. എന്നാൽ ഓണത്തിന് ശേഷമുള്ള ദിവസങ്ങളിലാണ് വില കുത്തനെ കൂടുന്നത്.പച്ചക്കറിക്കും മത്സ്യത്തിനുമൊപ്പമാണ് ഇറച്ചിക്കോഴിക്കും വില കയറുന്നത്.ലോക്ക് ഡൗണിന് ശേഷം മത്സ്യമാംസ മാർക്ക​റ്റുകൾ തുറന്നപ്പോൾ കോഴിയിറച്ചിക്കും പോത്തിറച്ചിക്കും വിലകൂടിയ സാഹചര്യമുണ്ടായിരുന്നു. അധികൃതർ ഇടപെട്ടായിരുന്നു വില പിടിച്ചുനിർത്തിയത്. നിർബന്ധപൂർവം വിലകുറച്ച് വിൽക്കേണ്ടിവന്നാൽ കച്ചവടംത്തന്നെ നിർത്തേണ്ടിവരുമെന്ന സാഹചര്യത്തിലാണ് കച്ചവടക്കാരും.

തമിഴ്‌നാട്ടിൽനിന്ന് കോഴി വരുന്നത് കുറഞ്ഞു

വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.കോഴി ഫാമുകളിൽ വില കൂട്ടി വിൽക്കുന്നതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴി വരുന്നത് കുറഞ്ഞതുമാണ് വിലകൂടാൻ കാരണമായി കച്ചവടക്കാർ പറയുന്നത്.

വില കുറച്ചാൽ നഷ്ടം

115 രൂപ മുതലാണ് ഫാമുകളിൽനിന്ന് കച്ചവടക്കാർക്ക് കോഴി ലഭിക്കുന്നത്. ഇപ്പോഴുള്ള വിലയിൽനിന്ന് കുറച്ച് വിൽക്കേണ്ടിവന്നാൽ നഷ്ടമാണെന്നാണ് കച്ചവടക്കാരുടെ പക്ഷം. വില നിയന്ത്റിക്കാൻ കോഴിഫാം നടത്തിപ്പുകാർക്ക് നിർദേശം നൽകണമെന്ന ആവശ്യമുയരുന്നുണ്ട്. ഫാമുകളിൽ വില കുറച്ചാൽ കടകളിൽ വില കുറയ്ക്കാനാകുമെന്നാണ് കച്ചവടക്കാർ പറയുന്നുണ്ട്.

പച്ചക്കറിക്കും വില കൂടും

ഇതോടൊപ്പം തക്കാളി വിലയും പിടി വിട്ട മട്ടാണ് ഒറ്റ ആഴ്ച കൊണ്ട് 45 ൽ നിന്നും 60 ലേക്കാണ് തക്കാളിയുടെ കയറ്റം. മുരിങ്ങക്കോലും തൊട്ടു പിന്നിലുണ്ട്. 30 ൽ നിന്നും 80 ലെത്തി വില. നേരത്തെ മുരിങ്ങക്കോൽ 300 കടന്ന ചരിത്രവുമുണ്ട്. വരും ദിവസങ്ങളിൽ പച്ചക്കറിയും കുതിപ്പിലേയ്ക്കാണ് മുന്നേറുന്നത്.