shopping-
ഷോപ്പിംഗ് കോംപ്ളക്സ്

തൃക്കാക്കര: നഗരസഭയുടെ സ്വപ്നപദ്ധതികളിൽ ഒന്നായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 19,000 ചതുരശ്രഅടി വിസ്തീർണത്തിൽ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സും 1600 ചതുരശ്രഅടി വിസ്തീർണത്തിൽ പൊതുമാർക്കറ്റ് മാർക്കറ്റുമാണ് യാഥാർത്ഥ്യമാകുന്നത്. നാല് നിലകളുള്ള ഷോപ്പിംഗ് കോംപ്ളക്സിൽ വിപുലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ഇരുപത് സെന്റിലാണ് നാലുകോടിരൂപയോളം ചെലവഴിച്ച് മന്ദിരം പൂർത്തിയാക്കിയിരിക്കുന്നത്

# സൗകര്യങ്ങൾ

പൊതുമാർക്കറ്റിലെ കടമുറികളിൽ പ്രധാനമായും ചിക്കൻ, പലചരക്ക്, പച്ചക്കറി കടകൾ പ്രവർത്തിക്കും
രണ്ടുമുതൽ നാല് വരെയുളള നിലകളിൽ സൂപ്പർ മാർക്കറ്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ , ബാങ്കുകൾ എന്നിവയ്ക്കായാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ മാലിന്യ സംസ്കരണ പ്ലാന്റിരിക്കുന്ന സ്ഥലത്താണ് മത്സ്യക്കച്ചവടത്തിനായി ഒരുക്കിയിരിക്കുന്നത്.

# പഴയ ചരിത്രം

കാക്കനാട് ജംഗ്ഷനിൽ റോഡിന് ഇരുവശങ്ങളിലുമായി കച്ചവടം നടത്തിയിരുന്നവരെ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത്‌ ഭരണസമിതി ഒഴിപ്പിച്ച്‌ കാക്കനാട് കെമിക്കൽ ലാബിന് സമീപം മാർക്കറ്റ്‌ സ്ഥാപിച്ച് പുനരധിവസിപ്പിച്ചിരുന്നു. മാർക്കറ്റിൽ മത്സ്യം, മാംസവില്പനക്കും മറ്റുമായി പത്തു കടമുറികളും ഷട്ടറില്ലാത്ത കടമുറി എട്ടെണ്ണവുമാണ് ഉള്ളത്. ഇതിൽ പത്താം നമ്പർ കടമുറി എസ് .സി വിഭാഗത്തിനും ഒന്നാം നമ്പർ കടമുറി കുടുംബശ്രീക്കും മാറ്റിവച്ചിരിക്കുന്നു. ആദ്യ കാലത്ത് കടമുറികളിൽ പലതും ലേലത്തിൽ പോയെങ്കിലും വെളിച്ചം, വെള്ളം എന്നിവ ഇല്ലാത്തതിനാൽ പലരും നഗരസഭയിൽ കെട്ടിവെച്ച സെക്യൂരിറ്റി തുക പോലും വാങ്ങാതെ കടമുറികൾ ഉപേക്ഷിച്ചു പോകേണ്ടിവന്നു.പിന്നീട് മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി അവരെ കാക്കനാട് പളളിക്കര റോഡുവക്കിൽ കച്ചവടം നടത്താൻ അനുവദിക്കുകയായിരുന്നു.