മൂവാറ്റുപുഴ: ആരോഗ്യ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി മൂവാറ്റുപുഴ മേഖലയിലെ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും വാർഡുതല ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന തലത്തിൽ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചതോടെയാണ് മൂവാറ്റുപുഴ മേഖലയിലും ആവശ്യം ശക്തമായത്. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മേഖലയിൽ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുകയെന്ന ദൗത്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുമ്പോൾ ആരോഗ്യ സേവനങ്ങൾ എളുപ്പം ലഭിക്കുന്ന ആശ്വാസ സെന്ററുകളായി മാറുന്നതോടൊപ്പം ജനങ്ങൾക്കാവശ്യമായ ആരോഗ്യ - സാമൂഹ്യ സേവനങ്ങൾ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ ലഭ്യമാകുകയും ചെയ്യും . ദേശിയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് സെന്ററിന് ആവശ്യമായ ഫർണിച്ചർ, ആരോഗ്യ സംബന്ധമായ ഉപകരണങ്ങൾ, കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഒരുക്കുവാനും കഴിയും. വാർഡ് മെമ്പർ/ കൗൺസിലർ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തക, കുടുംബശ്രീ എ ഡി എസ്, അങ്കണവാടി ടീച്ചർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുടുംബശ്രീ, ഐ സി ഡി എസ്, തൊഴിലുറപ്പ് തുടങ്ങിയ എജൻസികളുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.