കൊച്ചി: കൊച്ചി തുറമുഖത്തെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ടുണ്ടായ മട്ടാഞ്ചേരി വെടിവയ്പ്പിന്റെ പിന്നിലെ അണിയറക്കഥകൾ വിവരിക്കുന്ന പുസ്തകം അടയാളം 15ന് പ്രകാശിപ്പിക്കും. പത്രപ്രവർത്തകനായ അബ്ദുള്ള മട്ടാഞ്ചേരി രചിച്ച പുസ്തകം എറണാകുളം പ്രസ് ക്ളബിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്യും. മുതിർന്ന സി.പി.എം നേതാവ് എം.എൽ. ലോറൻസ് ആദ്യകോപ്പി ഏറ്റുവാങ്ങും. സമരത്തിൽ പങ്കെടുത്ത എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ അനുഭവങ്ങൾ പങ്കിടും. പ്രണത ബുക്സാണ് പ്രസാധകർ.
തുറമുഖത്തെ തൊഴിൽസംരക്ഷണത്തിന് രാഷ്ട്രീയഭേദമില്ലാതെ തൊഴിലാളികൾ 75 ദിവസം നടത്തിയ സമരമാണ് 1953സെപ്തംബർ 15ന് വെടിവയ്പ്പിൽ കലാശിച്ചത്. സമരം അവസാനിപ്പിക്കാനായിരുന്നു വെടിവയ്പ്പ്. മൂന്നു താെഴിലാളികൾ മരിച്ചു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. സമരത്തെ അടിച്ചമർത്താൻ നടന്ന നിരവധി പിന്നാമ്പുറ നീക്കങ്ങൾ വെളിപ്പെടുത്തുന്നതാണ് അടയാളമെന്ന് അബ്ദുള്ള മട്ടാഞ്ചേരി പറഞ്ഞു.