കൊച്ചി: ചവറ, കുട്ടനാട് ഉപതിരഞ്ഞടുപ്പുകളോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പും മാറ്റിവയ്ക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു.

ആർ.എസ്. പി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനം ദിവസേന വർദ്ധിക്കുമ്പോൾ സമ്പർക്കരോഗികളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതുംമരണസംഖ്യ കൂടിവരുന്നതുമായ സാഹചര്യത്തിൽ 6 മാസമെങ്കിലും തിരഞ്ഞടുപ്പ് നീട്ടിവയ്ക്കുന്നതാണ് ഉചിതം. നിയമസഭാ ഉപതിരഞ്ഞടുപ്പ് മാത്രം മാറ്റിവയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദേശം രാഷ്ട്രീയലക്ഷ്യംവച്ചും പരാജയഭീതി കൊണ്ടാണെന്നും അസീസ് പറഞ്ഞ‌ു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷതവഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജികുമാർ, അഡ്വ. ജെ. കൃഷ്ണകുമാർ, പി.ടി. സുരേഷ്ബാബു, എ.എസ്. ദേവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്വപ്പെട്ട് 25ന് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്താൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.