കൊച്ചി: അങ്കണവാടി കെട്ടിടത്തിന്റെ വാടക കുടിശികപ്രശ്നം ഉടൻ തീർപ്പാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ആറുമാസത്തെ തുക കുടിശികയാണെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത് .

4000 - 7000 രൂപ വരെ വാടക നൽകിയാണ് നഗരപരിധിയിലെ ഭൂരിഭാഗം അങ്കണവാടി കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് മാസംതോറും 3000 രൂപ കോർപ്പറേഷനിൽ നിന്ന് നൽകും. അവശേഷിക്കുന്ന തുക രക്ഷിതാക്കളുടെ സഹായത്തോടെ സ്വരൂപിക്കുകയായിരുന്നു പതിവ്. നിവൃത്തിയില്ലാതെ വന്നാൽ സ്വന്തം ശമ്പളത്തിൽ നിന്ന് ഒരുവിഹിതം വാടക നൽകാൻ ഉപയോഗിക്കും. എന്നാൽ അങ്കണവാടികൾ അടച്ചതോടെ രക്ഷിതാക്കളുടെ സഹായം നിലച്ചു. കോർപ്പറേഷനിൽ നിന്നുള്ള വാടകയും മുടങ്ങിയതോടെ ജീവനക്കാർ കടക്കെണിയിലാണ്.

# വാടകകൂട്ടണം

കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ചാണ് അങ്കണവാടിയുടെ പ്രവർത്തനം. ഉറപ്പുള്ള കെട്ടിടം, പ്രത്യേക അടുക്കള. സൗകര്യമുള്ള പഠനമുറി. സാധനങ്ങൾ സൂക്ഷിക്കാൻ സംവിധാനം എന്നിങ്ങനെ കർശന വ്യവസ്ഥകൾ അനുസരിച്ചുള്ള വീട് നഗരപരിധിയിൽ ലഭിക്കണമെങ്കിൽ 5000 രൂപയെങ്കിലും വാടകനൽകണമെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു.

# ചുമതലകൾ ധാരാളം

അങ്കണവാടികൾ അടഞ്ഞുവെങ്കിലും ജീവനക്കാർക്ക് വിശ്രമമില്ല. അങ്കണവാടി വിദ്യാർത്ഥികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നുവയസ് വരെയുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് അതാത് മാസത്തെ ഭക്ഷ്യവിഹിതം ലഭിച്ചുവെന്ന് ഉറപ്പാക്കണം. പ്രദേശത്തുള്ള ഗർഭിണികളുടെ ആരോഗ്യകാര്യങ്ങൾ അന്വേഷിക്കണം. ആവശ്യക്കാർക്ക് കൗൺസലിംഗ് നൽകണം. വർക്കർ, ഹെൽപ്പർ തസ്തികയിൽ ജോലിചെയ്യുന്ന സ്ത്രീകളാണ് ഈ ചുമതലകളെല്ലാം നിർവഹിക്കുന്നത്.

കോർപ്പറേഷൻ പരിധിയിൽ 326 അങ്കണവാടികൾ

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്: 200 എണ്ണം

ജീവനക്കാർ : 682

# വില്ലനായി ഫിറ്റ്നസ് സർട്ടിഫിറ്റ്

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ എല്ലാ മാർച്ചിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതാത് സോണൽഓഫീസിലെ എൻജിനിയർമാരാണ് കെട്ടിടം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്. കൊവിഡ് വ്യാപനംമൂലം ഇതെല്ലാം മുടങ്ങി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് വാടകകുടിശിക വിതരണംചെയ്യും. വാടകയിനത്തിൽ വരുന്ന അധികബാദ്ധ്യത തദ്ദേശസ്ഥാപനങ്ങളുടെ റോഡിതര മെയിന്റനൻസ് ഗ്രാന്റിൽനിന്ന് നൽകണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഇതിന് സാങ്കേതിക തടസമുണ്ട്. പൊതുജന പങ്കാളിത്തം ഉണ്ടായാൽ മാത്രമേ അങ്കണവാടികൾക്ക് പ്രവർത്തിക്കാൻ കഴിയൂ

പി.ഡി. മാർട്ടിൻ

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ