കാലടി: കാലടി പഞ്ചായത്തിലെ 16,17,അങ്കമാലി നഗരസഭയുടെ വേങ്ങൂർ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ആനാട്ടു തോട് മലിനമായിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. സമീപത്ത് പ്രവർത്തിക്കുന്ന വ്യവസായ ശാലകളിലെ രാസവസ്തുക്കൾ അടങ്ങുന്ന മലിനജലം ഒഴുക്കുന്നതുമൂലമാണ് തോട് മലിനമായത്. സുഭിക്ഷ കേരളം പദ്ധതിയുമായി സർക്കാർ മുന്നോട്ട് കുതിക്കുമ്പോൾ ഏക്കർ കണക്കിന് നെൽകൃഷി ചെയ്തിരുന്ന തോടിന്റെ ഇരുവശമുള്ള കൃഷിയിടങ്ങളിൽ നിന്ന് കർഷകർ കൃഷി ഉപേക്ഷിച്ചു പോകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളും മലീനീകരണപ്പെട്ടുരിക്കുന്നു. തോട്ടിലെ വെള്ളം കാലിൽ തൊട്ടാൽ പിന്നെ മാസങ്ങളോളം ഉണങ്ങാത്ത മുറിവുകൾ രൂപപ്പെടും.മലിനജലത്തിന്റെ ദുർഗന്ധം നിമിത്തം കാൽ നടയാത്രക്കാർക്ക് നടക്കുവാനും കഴിയുന്നില്ല .
പലർക്കും പരാതി നൽകിയെങ്കിലും നടപടിയില്ല
നിരവധി തവണ പൊലൂഷൻ കൺട്രോൾ ബോർഡിനു നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.പൗരസമിതിയുടെ നേതൃത്വത്തിൽ വേങ്ങൂർ പള്ളിയിൽ സർവകക്ഷി യോഗം ചേർന്ന് ഇടവക വികാരിയച്ചനുൾപ്പെടെ സമരം നടത്തിയെങ്കിലും അതും ഫലം കാണാതെ പോയി. ബന്ധപ്പെട്ട പഞ്ചായത്തിലും പരാതി നൽകിയെങ്കിലും ,ഈ വിഷയം ചർച്ച ചെയ്തില്ലെന്ന് അറിയുന്നു.
സമരം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ
കുടിവെള്ളം നഷ്ടപ്പെട്ട പ്രദേശവാസികൾ വ്യവസായ ശാലകളുടെ മുൻപിൽ സമരം ആരംഭിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളിലെ മലിനജലം അതാത് ഉടമകൾ തന്നെ സംസ്കരികരിച്ചു കളയണം. മലിനജലം തോട്ടിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നവരെ ഇക്കാര്യം ബോധ്യപ്പെടുത്തി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം വ്യവസായ ശാലകളുടെ മുൻപിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.