കൊച്ചി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന നാളുകൾ വന്നതിനേക്കാൾ കടുത്തതാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നവീകരിച്ച ഒ.പി വിഭാഗം , ഐ.സി.യു, പി.സി.ആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്‌ളൂ റോസ്‌കോപ്പി മെഷീൻ, സി.സി.ടിവി എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.
മാസങ്ങളായി ആരോഗ്യ പ്രവർത്തകരെല്ലാം ജോലിയിൽ തുടരുകയാണ്. എന്നാൽ ആരും ക്ഷീണിക്കരുത്. കുറച്ചുകൂടി കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയാറെടുക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളി തന്നെയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. മരണമടയുന്നവരിൽ 90 ശതമാനവും 60 വയസിന് മുകളിൽ ഉള്ളവരാണ്. കേരളത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും 60 വയസിനു മുകളിൽ ഉള്ളവരാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്. പ്രതികൂല സാഹചര്യത്തിലും കേരളത്തിന് മരണനിരക്ക് പിടിച്ചു നിർത്താൻ കഴിയുന്നത് എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.