പറവൂർ: ചേന്ദമംഗലം പഞ്ചായത്തിനെ ക്ഷീര ഗ്രാമമായി തിരഞ്ഞെടുത്തതിനെ തുടർന്ന് പദ്ധതി നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. പദ്ധതി പ്രകാരം ക്ഷീരവികസന വകുപ്പിന്റെ 2020- 21വാർഷിക പദ്ധതിയിൽ വിവിധ ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കും. രണ്ടും അഞ്ചും പശു , ഒരു കറവപ്പശുവും ഒരു കിടാരിയും അടങ്ങുന്ന കോംപോസിറ്റ് ഡയറി യൂണിറ്റ്, മൂന്ന് കറവപ്പശുക്കളും രണ്ട് കിടാരികളും അടങ്ങുന്ന കോംപോസിറ്റ് ഡയറി യൂണിറ്റ്, ഡയറി യൂണിറ്റുകൾക്ക് ആവശ്യാധിഷ്ടിത ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ശാസ്ത്രീയ കാലിത്തൊഴുത്ത് നിർമ്മാണം കറവപ്പശുക്കൾക്ക്‌ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ, സബ്സിഡി നിരക്കിൽ ധാതുലവണ മിശ്രിതം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. എം.എൽ.എയുടെ വികസന ഫണ്ടും മറ്റു വിഭവ സമാഹരണവും നടത്തി ക്ഷീരമേഖലയ്ക്കാവശ്യമായ സമഗ്ര പദ്ധതി ആവിഷകരിച്ച് നടപ്പിലാക്കുമെന്ന് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ചേന്ദമംഗലം പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും പറവൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസിലും ക്ഷീരസഹകരണ സംഘങ്ങളിലും ലഭിക്കും. സംഘാടക സമിതി ഭാരവാഹികളായി വി.ഡി. സതീശൻ എം.എൽ.എ (ചെയർമാൻ) ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി (വൈസ് ചെയർമാൻ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് (വർക്കിംഗ് ചെയർമാൻ) എ.എം. ഇസ്മായിൽ (വർക്കിംഗ് വൈസ് ചെയർമാൻ) ക്ഷീരവികസന ഡെപ്യൂട്ടി ഡയക്ടർ പി.പി. ബിന്ദുമോൾ (കൺവീനർ) സി.ആർ. ശശി (ജോയിന്റ് കൺവീനർ) രതീഷ് ബാബു ( വർക്കിംഗ് ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.