കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ജില്ല പഞ്ചായത്ത് മെമ്പറടക്കം 12 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 4ാം വാർഡിൽ താമസിക്കുന്ന രായമംഗലം ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗത്തിനും ഇദ്ദേഹത്തിന്റെ വീട്ടിലെ 2 കുടുംബാംഗങ്ങൾക്കും രോഗബാധയുണ്ട്. സമ്പർക്കത്തിലൂടെയാണ് ജില്ല പഞ്ചായത്തംഗത്തിന് കൊവിഡ് ബാധയേറ്റത്. . ഇത് കൂടാതെ 4ാം വാർഡിൽ ഓട്ടോറിക്ഷ ഡ്രൈവറായ തയ്യൽ തൊഴിലാളിക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന വീട്ടമ്മയ്ക്കും കൊവിഡ് രോഗബാധയുണ്ട്. 3ാം വാർഡിൽ ഉൾപ്പെടുന്ന മുടിക്കരായി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. തയ്യൽ തൊഴിലാളിക്ക് രോഗബാധയേറ്റതിന്റെ ഉറവിടം വ്യക്തമല്ല. 4ാം വാർഡിലെ ഒരു പ്രദേശം ഇപ്പോൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്. ഇതിന് പുറത്തുള്ളവർക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. അതിനാൽ വാർഡിന്റെ ബാക്കി ഭാഗം കൂടി കണ്ടെയൻമെന്റ് സോണാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ പറഞ്ഞു. രായംഗലം പഞ്ചായത്തിൽ ഇപ്പോൾ ആകെ 34 കൊവിഡ് പോസിറ്റീവ് രോഗികളാണ് ഉള്ളത്.