ആലുവ: സഹോദരിമാർ കൃഷ്ണനും രാധയുമായി ആദ്യമായി കാമറക്ക് മുമ്പിലെത്തിയപ്പോൾ ആരും പ്രതീക്ഷിച്ചില്ല ഇത്രയധികം ഹിറ്റാകുമെന്ന്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ യു ട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോ ആൽബം 'കണ്ണാ, എൻെറ ജീവനേ' ഇന്നലെ പകൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നൂറുകണക്കിന് ആളുകൾ ഷെയറും ചെയ്തു.
എഴുത്തുകാരൻ ശ്രീമൻ നാരായണന്റെ കൊച്ചുമക്കളായ ആറിലും ഏഴിലും പഠിക്കുന്ന ശങ്കരിയും വേദയുമാണ് അഭിനയിച്ചിരിക്കുന്നത്. വിരഹദുഖത്താൽ വിവശയായി എല്ലായിടത്തും ദീനദീനം തേങ്ങി അലയുന്ന രാധയായി വേദയും രാധയുടെ നിഴലായി കണ്ണനായി ശങ്കരിയും തകർത്താടി. നിരവധി പേർ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചതോടെ വലിയ ത്രില്ലിലായി കുഞ്ഞനുജത്തിമാർ. ശ്രീമൻ നായണന്റെ വരികൾക്ക് സംഗീതം നൽകിയ യശഃശരീരനായ സിദ്ധാർത്ഥ വിജയനുള്ള ആദരവുകൂടിയാണ് ആൽബം. രാജലക്ഷി ആലപിച്ച പാട്ടിന് ദൃശ്യചാരുത നൽകിയത് സംവിധായകൻ എം.ടി. ബാബുരാജാണ്.