ആലുവ: അനർഹരെ ഭാരവാഹികളാക്കിയെന്നാരോപിച്ച് ഐ വിഭാഗം രംഗത്തെത്തിയതോടെ കടുങ്ങല്ലൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് ശക്തമായി. ബ്ളോക്ക്, മണ്ഡലം പുനസംഘടനയിൽ ഐ വിഭാഗത്തെ തഴയുകയും അനർഹരായ എ വിഭാഗക്കാരെ ഭാരവാഹികളാക്കിയതുമായാണ് ആക്ഷേപം. ഇതേതുടർന്ന് തുടർന്ന് ഇരു ഗ്രൂപ്പുകളും പ്രത്യേകം യോഗം ചേർന്നു. കളമശ്ശേരി ബ്ലോക്ക്, കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം ഭാരവാഹികളുമായി പാർട്ടി വിരുദ്ധരെയും ക്രിമിനൽ കേസ് പ്രതികളെയും ഉൾപ്പെടുത്തിയെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം. മാത്രമല്ല, ഐ വിഭാഗക്കാരിൽ ചിലരെ എ വിഭാഗം വെട്ടിയതും പ്രകോപനത്തിനിടയാക്കി. കടുങ്ങല്ലുർ കോൺഗ്രസ് ഓഫീസിൽ ഐ വിഭാഗവും എ വിഭാഗം മുപ്പത്തടം ഐ.എൻ ടി.യു.സി.ഓഫീസിലുമാണ് ഗ്രൂപ്പ് യോഗം ചേർന്നത്.

എൽ.ഡി.എഫ്.ഭരിക്കുന്ന പഞ്ചായത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് എ വിഭാഗത്തിന്റേതെന്ന് ഐ ഗ്രൂപ്പ് യോഗം കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഐ വിഭാഗം തീരുമാനമാനിച്ചു. പടിഞ്ഞാറെ കടുങ്ങല്ലുർ സഹകരണ ബാങ്കിൽ ഒരു വർഷം കഴിയുമ്പോൾ ഐ വിഭാഗം പ്രതിനിധി സുരേഷ് മുട്ടത്തിലിനെ പ്രസിഡന്റാക്കാമെന്ന ധാരണ എ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്ന് ഐ വിഭാഗം അരോപിച്ചു. പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് അനർഹരെ ഒഴിവാക്കണമെന്നും സഹകരണ ബാങ്കിൽ ധാരണ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഐ വിഭാഗത്തിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ നിന്നുള്ള എട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകി.

പടിഞ്ഞാറെ കടുങ്ങല്ലൂർ കോൺഗ്രസ് ഓഫീസിൽ ചേർന്ന ഐ വിഭാഗം യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എം. സെയ്ദുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ടി.ജെ. ടൈറ്റസ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ശ്രീകുമാർ മുല്ലേപ്പിള്ളി, സുരേഷ് മുട്ടത്തിൽ, കെ.എ. അബ്ദുൾ അസീസ്, അബ്ദുൾ സലാം, മുഹമ്മദ് അൻവർ, കെ.പി. ദിവാകരൻനായർ, കെ.എസ്. സേതുമാധവൻ എന്നിവർ സംസാരിച്ചു.