containment
കൊവിഡ് വ്യാപനത്തെ തുടർന്ന് പള്ളിപ്പുറം കോൺവെന്റ് പാലം പൊലീസ് അടക്കുന്നു

വൈപ്പിൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് പള്ളിപ്പുറം കോൺവെന്റ് പാലവും മുനമ്പം മാല്യങ്കര പാലവും ഇന്നലെ ഉച്ചയോടെ പൊലീസ് അടച്ചു. ഇതോടെ കോൺവെന്റ് പാലം മുതൽ വടക്ക് മുനമ്പം ഫെറി വരെയുള്ള രണ്ടര കിലോമീറ്റർ സംസ്ഥാന പാതയിലും അനുബന്ധ റോഡുകളിലും ഗതാഗതം നിലച്ചു. ചെറായിയിൽ നിന്ന് മുനമ്പം മാല്യങ്കര പ്രദേശങ്ങളിലേക്കുള്ള ബസ് സർവീസും നിർത്തി വെച്ചു. മുനമ്പം ഹാർബർ, മിനി ഹാർബർ, പൊലീസ് സ്റ്റേഷൻ, പള്ളിപ്പുറം കോട്ട, മുനമ്പം അങ്ങാടി, ഗവ. ആശുപത്രി എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രദേശങ്ങൾ. പള്ളിപ്പുറം പഞ്ചായത്ത് 2, 3, 4, 5 , 15, 18,21 ,22 വാർഡുകൾ മുഴുവനായി കണ്ടെയ്‌മെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. 7, 8 വാർഡുകളിലെ ചില ഭാഗങ്ങൾ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. മുനമ്പം ബീച്ച് പാലം ജനഹിത റോഡ്, കോവിലകത്തുംകടവ് കിഴക്കും പടിഞ്ഞാറും വാർഡുകളിലെ കലുങ്കുകൾ , അനുബന്ധ പോക്കറ്റ് റോഡുകൾ എന്നിവയും അടച്ചിട്ടുണ്ട്.