kaumudi
2019 ആഗസ്റ്റ് ഒമ്പതിന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: വർഷങ്ങൾ നീണ്ട നാട്ടുകാരുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ കുട്ടമശ്ശേരിയിലെ കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ മാറുന്നു. അങ്കണവാടി കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിച്ചിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് 33.5 ലക്ഷം രൂപ ചെലവിൽ സ്വന്തം കെട്ടിടം നിർമ്മിക്കുകയാണ്. 12ന് രാവിലെ പത്തിന് ശിലാസ്ഥാപനം നടക്കും.

'കുട്ടമശേരി ആരോഗ്യ ഉപകേന്ദ്രം 'ഐ.സി.യുവിൽ' എന്ന തലക്കെട്ടിൽ 2019 ആഗസ്റ്റ് ഒമ്പതിന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് പൊതുപ്രവർത്തകനായ സുലൈമാൻ അമ്പലപറമ്പ് നടത്തിയ ഇടപെടലുകളാണ് പുതിയ കെട്ടിടത്തിന് വഴിയൊരുക്കിയത്.

കീഴ്മാട് പഞ്ചായത്ത് ആറാം വാർഡിൽ 29 -ാം നമ്പർ അങ്കണവാടിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നിത്യേന നിരവധി ആളുകളാണ് എത്തുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു.

വർഷങ്ങളായി എല്ലാ ഗ്രാമസഭയിലും പുതിയ കെട്ടിടത്തിനായി ശബ്ദമുയർത്തുന്നു. 2007 ൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിനായി ഐശ്വര്യ ക്ലബിന്റെ സ്ഥലം അന്നത്തെ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറിയിരുന്നു. എന്നാൽ സ്ഥലം കുറവായതിനാൽ നടന്നില്ല. പിന്നീടാണ് ഇപ്പോഴത്തെ സ്ഥലം കണ്ടെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗജത്ത് ജലീലും സുലൈമാൻ അമ്പലപറമ്പും ചേർന്ന് അൻവർ സാദത്ത് എം.എൽ.എയെ കണ്ട് ഫണ്ട് അനുവദിക്കുകയായിരുന്നു.