ആലുവ: പ്രളയം തകർത്ത കീഴ്മാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയെ പുനരുദ്ധീകരിച്ച് മാതൃക ഹോമിയോ ഡിസ്‌പെൻസറിയാക്കി ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. മാതൃക ഡിസ്‌പെൻസറിയായി ഉയർത്തിയതിന്റെ ഉദ്ഘാടനം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് പ്രളയം ബാധിച്ചത്.
2018 ലെ പ്രളയത്തിൽ പൂർണമായും മുങ്ങിയ ഹോമിയോ ഡിസ്‌പെൻസറിയിൽ കെട്ടിടം മാത്രമാണ് അവശേഷിച്ചത്. പ്രളയത്തിനു കുറച്ചു ദിവസം മുമ്പ് എത്തിയ മൂന്ന് ലക്ഷം രൂപയുടെ മരുന്ന് ഉൾപ്പെടെ എല്ലാം നശിച്ചിരുന്നു. നിലവിൽ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സൈതാലി,ചീഫ് മെഡിക്കൽ ഓഫിസർ ഡോക്ടർ കെ.എസ്. മിനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബീന ബാബു, പ്രീത റെജികുമാർ, സതി ലാലു തുടങ്ങിയവർ പങ്കെടുത്തു.