കാലടി: പാലിശേരിയുടെ സ്വന്തം ടി.പി.വേലായുധൻ മാഷിനെ തേടി പി.എൻ. പണിക്കർ പുരസ്കാരം വീട്ടിലേക്കെത്തും. 2019-20ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്ക്കാരം മാഷിനായിരുന്നു. കൊവിഡ് വന്നതുകാരണം അവാർഡ് ദാനം നീണ്ടു. ആഗസ്റ്റിൽ തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചപ്പോഴാകട്ടെ മാഷിന് യാത്ര ചെയ്യാനുമായില്ല. വീടിന് ചുറ്റുവട്ടത്ത് 20ൽ പരം കൊവിഡ് ബാധിതരും കണ്ടെയ്ൻമെന്റ് സോണുമായതിനാൽ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാനായില്ല.
മെമെന്റോയും പ്രശസ്തിപത്രവും കാൽലക്ഷം രൂപയും പൊന്നാടയുമടങ്ങിയ പുരസ്കാരവും എറണാകുളം ജില്ലാ കൗൺസിലിന്റെ ഓഫീസിലെത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ലളിതമായ ചടങ്ങിൽ പുരസ്കാരം
വീട്ടിലെത്തിച്ച് സമർപ്പിക്കാനാണ് തീരുമാനം.
ജില്ലയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ളയാളാണ് 72 കാരനായ വേലായുധൻ മാഷ്. പാലിശേരിയുടെ തൂണിലും തുരുമ്പിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. അത്രയ്ക്ക് ജനകീയനാണ്.പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ കാൽനൂറ്റാണ്ട് തുടർച്ചയായി സെക്രട്ടറിയായിരുന്നു.
ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ കൗൺസിൽ അംഗം, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലാ ലൈബ്രറി കൗൺസിൽ അംഗമാണ്.
2004ൽ പാലിശേരി ഗവ.സ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ച ശേഷം പൂർണസമയവും പൊതുപ്രവർത്തനത്തിലാണ്.
2017ൽ ജില്ലാ പഞ്ചായത്തിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡും 2018-19ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡും തേടിയെത്തി. കൊവിഡ് നിയന്ത്രണങ്ങൾ വന്ന ശേഷം മാർച്ച് അവസാനം മുതൽ വീട്ടിൽ തന്നെയാണ്. നാലായിരത്തോളം പുസ്തകങ്ങളുള്ള സ്വന്തം ലൈബ്രറിയിൽ വായന തന്നെയാണ് ഇപ്പോൾ ജീവിതം.
പാലിശേരി ഗവ. യു.പി. സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനും പിന്നിലും മാഷിന്റെ കൈകളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ
ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിൽ അങ്കമാലിയെ മുന്നിലെത്തിച്ചു. പദ്ധതിയുടെ ജില്ലയിലെ കീ റിസോഴ്സ് പേഴ്സണുമായിരുന്നു.
ജില്ലാ സമ്പൂർണ സാക്ഷരതാ യത്നത്തിൽ അങ്കമാലി മേഖലയുടെ സാരഥ്യവും മാഷിനായിരുന്നു. സാക്ഷരതാ ഇൻസ്ട്രക്ടർമാരുടെ പരിശീലനത്തിനും നേതൃത്വം നൽകി.
ഷീബയാണ് ഭാര്യ. ഏകമകൾ: ശ്രീധി.
"വായിക്കാതെയുള്ള അദ്ധ്യാപനവും, വായനയില്ലാത്ത അദ്ധ്യയനവും പാഴാണ്" എന്നതാണ് വേലായുധൻ മാസ്റ്ററുടെ തത്വം.
ഗ്രന്ഥശാലാ പ്രസ്ഥാനം ജനകീയ സർവ്വകലാശാലയായി മാറി ശക്തിയാർജ്ജിക്കണം
ടി.പി.വേലായുധൻ മാസ്റ്റർ