കൊച്ചി: പിതാവ് എഴുതിയ വിൽപത്രപ്രകാരം തനിക്കുകൂടി അവകാശപ്പെട്ട വീട്ടിൽ താമസിക്കാൻ സഹോദരൻ അനുവദിക്കുന്നില്ലെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നതായും സഹോദരിയുടെ പരാതി. പൊന്നുരുന്നി വെളിമ്പറമ്പിൽ പരേതനായ ശിവദാസന്റെ മകൾ വി.എസ്.മിനിമോളാണ് (52) പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.

വിവാഹബന്ധം വേർപെട്ടശേഷം ഡി.ടി.പി സെന്റർ നടത്തുകയാണ് മിനിമോൾ. പിതാവിന്റെ വിൽപത്രം പ്രകാരം അമ്മയുടെ കാലശേഷം സ്ഥലത്തിന്റെ അവകാശം സഹോദരനാണ്. മിനിമോൾക്ക് വീട്ടിൽ താമസിക്കാൻ അവകാശം നൽകിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ വ്യാജപരാതി നൽകിയും വീട്ടിൽ കയറാനും താമസിക്കാനും അനുവദിക്കാതെ സഹോദരൻ ഉപദ്രവിക്കുന്നതായാണ് പരാതി.

വീട്ടിൽ തനിക്ക് അവകാശമുണ്ടെന്ന ആർ.ഡി.ഒയുടെ ഉത്തരവും നടപ്പാക്കാൻ അനുവദിക്കുന്നില്ല. ഡി.ടി.പി സ്ഥാപനം നടത്തുന്നതിനും അനുവദിക്കില്ല. തന്റെ മുറിയിലേക്ക് വൈദ്യുതി ബന്ധം കട്ട് ചെയ്തു. ഭക്ഷണം തയ്യാറാക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. പരാതിപ്രകാരം പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.