കൊച്ചി: എറണാകുളം ടൗൺഹാളിലെ റൂഫ് ടോപ് സോളാർ പ്ളാന്റ് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സോളാർ റൂഫ് ടോപ് പദ്ധതിയുടെ ഭാഗമാണ് 80 കിലോ വാട്ട് ശേഷിയുള്ള ഈ സോളാർ പവർ.

നഗരത്തിലെ 28 സർക്കാർ കെട്ടിടങ്ങളിലായി മൊത്തം 1000 കിലോ വാട്ട് സരോർജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ളാന്റുകളാണ് സ്ഥാപിക്കുന്നത്. 22 കെട്ടിടങ്ങളിൽ വൈദ്യുതി ഉത്പാദനം തുടങ്ങി. ശേഷിക്കുന്ന ആറിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. 20 കിലോ വാട്ട് മുതൽ 80 കിലോ വാട്ട് വരെയാണ് ഓരോ പ്ളാന്റിന്റെയും ശേഷി. ഒരു വർഷം കൊണ്ട് മൊത്തം 1.46 ദശലക്ഷം യൂണിറ്റാണ് ലക്ഷ്യം.

പദ്ധതി നിലവിൽ വരുന്നതോടെ വൈദ്യുതിബിൽ ഇനത്തിൽ പ്രതിവർഷം ഒരു കോടി രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ആയിരം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഇതു വഴിയൊരുക്കും. ഇൻഡഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിൽ നിന്ന് സോളാർ പ്ളാന്റുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.

പദ്ധതിയിലെ ഏറ്റവും ഉയർന്ന ഉത്പാദനക്ഷമതയുള്ള പ്ളാന്റാണ് ടൗൺഹാളിലേത്. അധിക വൈദ്യുതി ഗ്രിഡിലേക്ക് കൈമാറും.

അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നടപ്പാക്കുന്നത്.

കൊച്ചി കോർപ്പറേഷൻ ആസ്ഥാനം, ഗവ.ആയുർവേദ ആശുപത്രി, ജില്ല കോടതി, അഡ്വ.ജനറൽ ഓഫീസ്, കെ.എസ്.ഇ.ബി,എക്‌സൈസ് ഓഫീസ് തുടങ്ങി പ്രധാന കെട്ടിടങ്ങളിലെല്ലാം സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു.