tourism

കൊച്ചി:ടൂറിസംസീസൺ പടിവാതുക്കലെത്തി നിൽക്കെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സെപ്തംബർ പകുതിക്കുശേഷം ആരംഭിച്ച് മേയ് പകുതിവരെ നീണ്ടുനിൽക്കുന്നതാണ് കേരളത്തിലെ വിനോദസഞ്ചാര സീസൺ. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാരികൾ എത്താൻ സാദ്ധ്യതയില്ലെന്നരിക്കെ ഈരംഗത്ത് മുതൽ മുടക്കിയവർ കടുത്ത നിരാശയിലാണ്. അതുകൊണ്ടുതന്നെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടുള്ള ആഭ്യന്തരവിനോദ സഞ്ചാരത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ കേരളത്തിന്റെ ടൂറിസം മേഖല പൂർണമായി തകരുമെന്നാണ് സംരംഭകരുടെ വിലയിരുത്തൽ.

ഇളവ് നൽകുന്ന കാര്യം സ‌ർക്കാർ പരിഗണിക്കുകയാണെങ്കിൽ ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്ന നൂതന പദ്ധതികളൊരുക്കാൻ സുസജ്ജമാണെന്നാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നിലപാട്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വീടിനുള്ളിൽ വീ‌ർപ്പുമുട്ടി കഴിയുന്നവർക്ക് സകുടുംബം പുറത്തിറങ്ങി ആസ്വദിക്കാവുന്ന പുതിയ വിനോദോപാധികൾ ആവിഷ്കരിക്കാനാകും. രോഗവ്യാപന സാദ്ധ്യതകൾ പൂർണമായും ഇല്ലാതാക്കി ആളുകൾ തമ്മിൽ കൃത്യമായ സാമൂഹീകാലം പാലിച്ചും ശുചിത്വം ഉറപ്പുവരുത്തിയും വിനോദസഞ്ചാരമേഖല തുറന്നുകൊടുത്താൽ കുടുംബശ്രീ സംരംഭങ്ങൾ, നാടൻ ഭക്ഷണശാലകൾ, ഓട്ടോ-ടാക്സി സംരംഭകർ തുടങ്ങി തൊഴിൽ പ്രതിസന്ധി നേരിടുന്ന എല്ലാവിഭാഗങ്ങളുടേയും ജീവനോപാധികൾക്ക് ഉണർവേകു.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിൽ സന്ദർശകരും സംരംഭകരും കർശനജാഗ്രത പാലിച്ചാൽ ഒരുപരിധിവരെ വിനോദസഞ്ചാര മേഖലയുടെ പുന:രുദ്ധാരണം സാധ്യമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിനകത്തുനിന്നുള്ള സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി പ്രദേശങ്ങൾ ജില്ലയിലുണ്ട്. സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചാൽ പ്രാദേശികമായി എല്ലാവിഭാഗം സംരംഭകർക്കും പ്രയോജനപ്പെടുന്നരീതിയിൽ പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കും.

വിജയകുമാർ

സെക്രട്ടറി

ഡി.ടി.പി.സി

എറണാകുളം

ടൂറിസം മേഖലയിൽ അൺലോക്കിംഗ് നടപടികൾ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരളടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണ്. സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ മേഖലയിലെ സംരംഭകർ പ്രതിജ്ഞാബദ്ധരാകും. ആയതിനാൽ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംസ്ഥാനസർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.

യൂ.സി. റിയാസ്

കൺവീനർ

ഫിക്കി സംസ്ഥാന കൗൺസിൽ.