ആലുവ: ലോക ബാങ്കിന്റെ ധനസഹായത്തോടെ ആലുവയിൽ നടപ്പാക്കുന്ന മാലിന്യ നിർമ്മാർജന പദ്ധതിക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി.കഴിഞ്ഞ ഒമ്പതിന് നടന്ന കൗൺസിൽ യോഗത്തിൽ സപ്ളിമെന്ററി അജണ്ടയായി ഉൾപ്പെടുത്തിയതിനെ സ്വതന്ത്ര കൗൺസിലർമാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇന്നലെ ഓൺലൈനിൽ വീണ്ടും യോഗം ചേർന്നത്. ശുചിത്വ മിഷൻ നോഡൽ ഏജൻസിയായി നടപ്പാക്കുന്ന പദ്ധതിക്ക് വേൾഡ് ബാങ്കാണ് വായ്പ അനുവദിക്കുന്നത്. വിശദമായ പദ്ധതി രേഖ കൗൺസിൽ അംഗീകരിച്ച് നേരത്തെ സർക്കാരിന് സമർപ്പിച്ചതാണ്. ഒമ്പതിന് ചേർന്ന കൗൺസിൽ യോഗത്തിന്റെ അജണ്ട അംഗങ്ങൾക്ക് വിതരണം ചെയ്ത ശേഷമാണ് പദ്ധതിക്കായി പണം അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ അറിയിപ്പ് നഗരസഭക്ക് ലഭിച്ചത്. അതിനാലാണ് സപ്ലിമെന്ററി അജണ്ടായി ചെയർപേഴ്‌സൺ ലിസി എബ്രഹാം ഉൾപ്പെടുത്തിയത്. എന്നാൽ വിഷയം വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സ്വതന്ത്രാംഗങ്ങളായ സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള, ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ എന്നിവർ എതിർക്കുകയായിരുന്നു.
കൗൺസിലിൽ കൂട്ടപാസാക്കൽ
നഗരസഭയുടെ ഓൺലൈൻ കൗൺസിലിൽ ഒന്നര വർഷമായി തീരുമാനമാകാത്ത വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശങ്ങൾ കൂട്ടത്തോടെ പാസാക്കിയതായി പരാതി. എതിർപ്പിനെ തുടർന്ന് 2019 മെയ് മുതൽ കെട്ടികിടക്കുന്ന തീരുമാനങ്ങളാണ് ഒറ്റയടിക്ക് ഒമ്പതിന് ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചത്.
ധനകാര്യം, പൊതുമരാമത്ത്, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളുടെ യോഗതീരുമാനങ്ങളാണ് കൗൺസിൽ ഒറ്റയടിക്ക് അംഗീകരിച്ചത്. കൗൺസിലിലിലെ സ്വതന്ത്ര കൗൺസിലർമാരും ബി.ജെ.പി അംഗവുമാണ് ചർച്ചയില്ലാതെ പാസാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ചത്.
ഓൺലൈൻ യോഗം നിലവാരം നഷ്ടപ്പെടുന്ന രീതിയിൽ
ഓൺലൈൻ കൗൺസിൽ യോഗം വിളിക്കാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും നിലവാരം നഷ്ടപ്പെടുന്നതായി ആക്ഷേപം. നേഴ്സറി കുട്ടികളുടേതിന് സമാനമായ കലപില ശബ്ദമാണ് കേൾക്കുന്നതെന്നാണ് ആക്ഷേപം. യോഗം തുടങ്ങിയാൽ അവസാനിക്കുന്നത് വരെ എല്ലാ കൗൺസിലർമാരും മൊബൈൽ ഫോണിന്റെ സൗണ്ട് സംവിധാനം ഓൺ ചെയ്യുന്നതിനാൽ കൗൺസിലർമാരുടെ വീടുകളിലെ അടുക്കളയിലെ ശബ്ദം വരെ മറ്റുള്ളവരും കേൾക്കുകയാണ്. ഇത് ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. നഗരസഭ അദ്ധ്യക്ഷ ഒഴികെയുള്ളവർ ചർച്ചയിൽ പങ്കെടുക്കുമ്പോൾ മാത്രം സൗണ്ട് ഓൺ ചെയ്താൽ മതിയെന്ന നിർദ്ദേശം ഭൂരിഭാഗം അംഗങ്ങളും പാലിക്കാൻ തയ്യാറാകുന്നില്ല.