കോതമംഗലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ ഗ്രൂപ്പിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളിൽ മുക്കുപണ്ടമുണ്ടെന്ന് സ്ഥിരീകരിച്ചു. 20 ഗ്രാമാണ് മുക്കുപണ്ടത്തിന്റെ തൂക്കം.
ഇന്നലെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, തിരുവാഭരണ വിഭാഗം, വിജിലൻസ് വിഭാഗം, സ്വർണ അപ്രയ്സർ എന്നവരാണ് പരിശോധന ന
ത്തിയത്. ഗ്രൂപ്പിന് കീഴിലെ നൂറോളം ക്ഷേത്രങ്ങളിലെ വിലപിടിപ്പുളള ആഭരണങ്ങളും വഴിപാട് സാധനങ്ങളും സൂക്ഷിക്കുന്നത് ഈ സ്ട്രോംഗ് റൂമിലാണ്.
കോടനാട് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന് സൂക്ഷിച്ച മുദ്രവച്ച കിഴിയിലായിരുന്നു മുക്കുപണ്ടം. അളവും മറ്റും പരിശോധിച്ച് സ്ഥിരീകരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് സ്വർണ്ണം മുദ്രപ്പൊതിയാക്കി തൃക്കാരിയൂരിലെ സ്ട്രോങ്ങ്റൂമിൽ എത്തിച്ചത്. ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ച വസ്തുക്കളാണ് മുക്കുപണ്ടമെന്ന് സൂചനയുണ്ട്. ഇത് പ്രദേശിക തലത്തിൽ സ്വർണപ്പണിക്കാരനെ കൊണ്ട് പരിശോധിപ്പിച്ചാണ് കണക്കിൽപ്പെടുത്തുന്നുണ്ട്. ക്രമക്കേടൊന്നും സംഭവിച്ചിട്ടില്ലെന്നും പരിശോധനയിൽ പറ്റിയ പിഴവാണ് പ്രശ്നമെന്നും ദേവസ്വം ജീവനക്കാർ പറയുന്നു.
തിരിമറി നടന്നത് സ്ഥിരീകരിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തതിലും ഇവരെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി തൃക്കാരിയൂരിലെ ദേവസ്വം ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി. ജില്ലാ സെക്രട്ടറി വി.എം.മണി മദ്ഘാടനം ചെയ്തു. പി.തങ്കപ്പൻ, പി.പ്രദീപ്, മോഹനൻ ചാന്ദ്രത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.