അങ്കമാലി : നെഞ്ചെരിച്ചിലിനെ തുടർന്നു മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മഞ്ഞപ്ര സെബിപുരം മേപ്പിള്ളി പരേതനായ വർഗീസിന്റെയും ഏല്യാമ്മയുടെയും മകൻ ബൈജുവാണ് (39) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ ബോർഡിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.
ബന്ധുക്കൾ പറയുന്നത്: കഴിഞ്ഞ ശനിയാഴ്ച 11നാണ് ബൈജു ഭാര്യയുമായി ബൈക്കിൽ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. എൻഡോസ്‌കോപ്പി പരിശോധനയ്ക്കിടെ ട്യൂബ് കുടുങ്ങിയതാണ് മരണകാരണം. എൻഡോസ്‌കോപ്പി കഴിഞ്ഞെന്നും ഉടനെ മയക്കം വിടുമെന്നും മുറിയിലേക്കു മാറ്റാമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്കു മുന്നറിയിപ്പുകളൊന്നും നൽകാതെ വൈകിട്ട് ഏഴു മണിയോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ബൈജു ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: അയ്യമ്പുഴ ചിറ്റൂപ്പറമ്പൻ ബിനു. മക്കൾ: പ്രിൻസ്, പ്രസ്റ്റീന.
ചികിത്സയ്ക്കിടെ ബൈജുവിന് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതേ തുടർന്നു അതിതീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തു. നില വഷളായതിനെ തുടർന്ന് മെഡിക്കൽ സ്റ്റാഫിന്റെ അകമ്പടിയോടെ ആംബുലൻസിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.