കിഴക്കമ്പലം: കിടപ്പുമുറിയിലെ ജനലിനു സമീപം കിടന്നുറങ്ങിയ വീട്ടമ്മയുടെ രണ്ടര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. എരപ്പുംപാറയിലെ പുതിയ ബി.പി.സി.എൽ പെട്രോൾ പമ്പിന് സമീപം മേക്കോത്ത് പുത്തൻപുര റഹീമിന്റെ ഭാര്യയുടെ സ്വർണ്ണമാണ് കവർന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കിടപ്പു മുറിയിലെ ജനൽ പാളിയുടെ കൊളുത്ത് തകർത്താണ് മോഷ്ടാവ് കാലിലെ പാദസരവും കൈയ്യിൽ കിടന്ന വളയും മുറിച്ചെടുത്തത്. രണ്ടാഴ്ച മുമ്പ് സമാന രീതിയിൽ ചേലക്കുളത്തും മോഷണം നടന്നിരുന്നു. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, എസ്.ഐ കെ.ടി ഷൈജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.