klm
വെളിച്ചണ്ണ പ്ലാന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ നിർവഹിക്കുന്നു

കോതമംഗലം: കർഷകർ ഉല്പ്പാതിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉൽപാദന ചിലവിന്റെ അടിസ്ഥാനത്തിൽ ന്യായവില ലഭിക്കുന്നില്ല ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണിയിലിറക്കി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. ഇതിന്റെ ഭാഗമായി ബാങ്ക് മൈലൂരിൽ സ്ഥാപിച്ചിട്ടുള്ള വ്യവസായ കേന്ദ്രത്തിൽ നിന്നും വരപ്പെട്ടി ബ്രാന്റ് വെളിച്ചണ്ണ, ഡിഹൈഡ്രേഷൻ വഴി ഉണക്കിയെടുത്ത ഏത്തപ്പഴം, പൈനാപ്പിൾ, ചക്കപ്പഴം എന്നിവയുടെ ഉൽപ്പാദനവും തുടങ്ങിക്കഴിഞ്ഞു. മണ്ണുത്തി കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ ഏത്തക്കായ, ചക്ക, കപ്പ എന്നിവയെ വാക്വം ഫ്രൈ സിസ്റ്റത്തിലൂടെ വറുത്തെടുക്കുകയാണ്. സാധാരണ വറുത്തെടുക്കുന്ന ഉപ്പേരിയിലുള്ള എണ്ണയുടെ അളവിന്റെ 12 ശതമാനം മാത്രമേ ഡീ ഹൈഡ്രേഷൻ വഴി വറുത്തെടുക്കുന്നവയിൽ ഉണ്ടാകുകയുള്ളൂ എന്നതിനാൽ ഏത് രോഗികൾക്കും ഇത് ഉപയോഗിക്കാം. കൃഷിക്കാരിൽ നിന്നും കൃത്യമായി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് അത്യുൽപാദന ശേഷിയുള്ളള ഡബ്ല്യു.സി .ടി വിഭാഗത്തിൽപ്പെട്ട പതിനായിരം തെങ്ങിൻ തൈകൾ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പരിമിതമായ വിലയ്ക്ക് കർഷകർക്ക് നൽകി. അടുത്ത വർഷത്തേക്ക് ആറായിരം വിത്ത് തേങ്ങകൾ പാകി .എല്ലാ മാസവും ചക്ക ലഭിക്കുന്നതിന് അത്യുൽപാദന ശേഷിയുള്ളള വിയറ്റ്നാം ഏർലി ഇനത്തിൽപ്പെട്ട 7000 പ്ലാവിൻതൈകൾ വിതരണം ചെയ്തു. ചാണകം, കോഴിവളം ,ആട്ടിൻ കാഷ്ടം എന്നിവ ചേർത്തുള്ള മിശ്രിത വളം നിർമ്മാണവും ഉടൻ ആരംഭിക്കും.വിവിധ ഇനം ശീതളപാനീയത്തിന്റെ പ്ലാന്റും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മൈലൂരിൽ ബാങ്ക് വാങ്ങിയ സ്ഥലത്ത് ആറ് മാസം മുമ്പ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ശിലാസ്ഥാപനം നടത്തി. നിർമ്മാണം പൂർത്തീകരിച്ച വെളിച്ചണ്ണ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.പി.വർഗീസ്, വാർഡ് മെമ്പർ ഉമൈബനാസർ, ഷാജി മുഹമ്മദ്, മനോജ് നാരായണൻ, കെ.സി അയ്യപ്പൻ, റ്റി.ആർ സുനിൽ, രാജേന്ദ്രൻ, കെ.യു രഞ്ജിത്, ഖദീജ മൈതീൻ തുടങ്ങിയവർ സംസാരിച്ചു.