കൊച്ചി: സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങൾക്ക് വഴിതുറന്ന്, നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.
രഹസ്യമായി നടത്തിയ ചോദ്യംചെയ്യൽ ന്യൂഡൽഹിയിലുള്ള എൻഫോഴ്സ്‌മെന്റ് മേധാവി എസ്. കെ. മിശ്രയാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ സ്ഥിരീകരിച്ചത്. എന്നാൽ സ്ഥിരീകരിക്കാൻ കേസന്വേഷണം നടത്തുന്ന ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
അരൂരിലെ വ്യവസായി അനസിന്റെ ഇന്നോവ ക്രിസ്റ്റ കാറിൽ ജലീൽ ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഒാഫീസിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു മണിക്കൂർ ചോദ്യംചെയ്യലിനു വിധേയനായി. അതിനുശേഷം അരൂരിലെ വ്യവസായിയുടെ വീട്ടിലേക്കു മടങ്ങി. അവിടെ പാർക്ക് ചെയ്തിരുന്ന ഒൗദ്യോഗിക വാഹനത്തിൽ പിന്നീട് മലപ്പുറത്തെ വീട്ടിലേക്ക് പോയി. മന്ത്രി ജലീൽ അനസിന്റെ വീട്ടിലെത്തിയതിന് സ്ഥിരീകരണമുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് എൻഫോഴ്സ്‌മെന്റ് മേധാവി വ്യക്തമാക്കി.
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് പിടികൂടിയതു മുതൽ ജലീൽ വിവാദങ്ങളിൽപ്പെട്ടിരുന്നു. സ്വപ്നയുമായുള്ള ഫോൺവിളി രേഖകൾ പുറത്തുവന്നതോടെ, വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ,കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് മന്ത്രി യു.എ.ഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ച വിവരവും പുറത്തുവന്നു. മതഗ്രന്ഥങ്ങളും റംസാൻ കിറ്റുകളും വാങ്ങുന്നതിനായാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ഇക്കാര്യങ്ങളിൽ ഒരുപാടു പൊരുത്തക്കേടുകളുണ്ടെന്നാണ് എൻ.ഐ.എയും കസ്റ്റംസും ഇ.ഡിയും നൽകുന്ന വിവരം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസം ഇ.ഡി 12 മണിക്കൂർ ചോദ്യംചെയ്തിരുന്നു. ഇതു രണ്ടും സർക്കാരിനെ സ്വർണക്കടത്തു കേസിൽ കൂടുതൽ പ്രതിരോധത്തിലാക്കി.
ജലീലിനോടുള്ള
ചോദ്യങ്ങൾ
1. യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി എന്നിവരുമായുള്ള ബന്ധം
2.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധം
3. നയതന്ത്രചാനലിലൂടെ എന്തിന് മതഗ്രന്ഥങ്ങളെത്തിച്ചു
4. പ്രോട്ടോകോൾ ലംഘിച്ച് എന്തിന് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു
5. സ്വപ്‌ന സുരേഷുമായുള്ള തുടർച്ചയായ ഫോൺവിളികൾ
വിദേശസഹായം
വാങ്ങിയതിനും കേസ്
കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയിൽ നിന്ന് വിദേശസഹായം സ്വീകരിച്ചതിനും മന്ത്രി ജലീലിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തേക്കും. നൂറ് ഭക്ഷ്യക്കിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോൺസുൽ ജനറലുമായി ജലീൽ നടത്തിയത് ചട്ടവിരുദ്ധമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികാന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദാന്വേഷണത്തിന് നിർദ്ദേശിച്ചു. ഇതേക്കുറിച്ച് വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധം, സംഘർഷം
തിരുവനന്തപുരം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബി.ജെ.പി പ്രവർത്തകർ ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം . സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും, യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് മാർച്ച് നടത്തിയത്. മാർച്ചുകൾക്കുനേരെ പൊലീസ് ലാത്തിവീശി. രണ്ട് സംഘടനകളുടെ മാർച്ചിലും പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.