കൊച്ചി : കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള 16 സെന്റ് ഭൂമി അന്യാധീനപ്പെട്ടതിൽ ഭരണപക്ഷം ഒളിച്ചു കളിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയാണ് എം .ജി റോഡിലെ കൈയേറ്റം ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. ഈ വിഷയം മുമ്പ് നിരവധി തവണ കൗൺസിലിൽ ഉന്നയിച്ചിട്ടും ഭൂമി സംരക്ഷിക്കാനുള്ള യാതൊരു നടപടികളും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതേതുടർന്ന് മേയർ, ഡെപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച എം.ജി റോഡിലുള്ള സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ തീരുമാനമായി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടി സ്ഥലം സംരക്ഷിക്കുമെന്നും മേയർ അറിയിച്ചു.
.കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാൻ കഴിയുമായിരുന്ന സ്വച്ച് ഭരത് മിഷന്റെ 41 കോടി രുപയുടെ പദ്ധതി നഗരസഭ ഭരണ നേതൃത്വം നഷ്ടപ്പെടുത്തിയെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി.ചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് നടപ്പാക്കിയാൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ലാന്റിന് ആവശ്യമായ മാലിന്യം ലഭിക്കില്ലെന്ന് ഭയന്നാണ് ബോധപൂർവ്വം പദ്ധതി അട്ടിമറിച്ചത്. ലോക ബാങ്കിന്റ സഹകരണത്തോടുകൂടി സർക്കാർ നടപ്പിലാക്കാൻ പോകുന്ന 2100 കോടി രൂപയുടെ മാലിന്യ സംസ്കരണ. പദ്ധതികൾക്ക് നേരെ നഗരസഭ
മുഖം തിരിഞ്ഞു നിൽക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. റേ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് 21 കോടി അനുവദിച്ചിട്ടും മേയർ ഇതുസംബന്ധിച്ച അജണ്ട കൗൺസിലിൽ കൊണ്ടുവരാതെ വച്ചു താമസിപ്പിച്ചതായി ബെനഡിക്‌ട് ഫെർണാണ്ടസ് ആരോപിച്ചു., ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ , പൂർണിമനാരായണൻ, എ.ബി.സാബു, മിനിമോൾ, എം.ജി.അരിസ്റ്റോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.