ഈ ആഴ്ച നടന്ന സംഭവമാണിത്. തൃശൂർ - മണ്ണുത്തി ദേശീയപാതയിലൂടെ ബൈക്കിൽ പട്രോളിംഗ് നടത്തുന്ന എക്‌സൈസ് സംഘം. റോഡിന്റെ ഓരത്ത് പാർക്ക് ചെയ്‌തിരുന്ന ഒരു കാറിന്റെ നമ്പർ കണ്ണിലുടക്കിയതോടെ പ്രിവന്റീവ് ഓഫീസറുടെ മനസ് ഒരു കേസിലേക്ക് പാഞ്ഞു. നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായ വാഹനത്തിന്റെ നമ്പരായിരുന്നു അത്. സംശയം തോന്നിയ സംഘം വാഹനത്തിന് ചുറ്റും രണ്ടു റൗണ്ട് പാഞ്ഞതോടെ പിന്നിലെ സീറ്റിൽ നിന്ന് രണ്ട് യുവാക്കളും യുവതികളും പുറത്തിറങ്ങി. സമീപത്തുണ്ടായിരുന്ന രണ്ടു ബൈക്കുകളിൽ കയറി അവർ സ്ഥലം വിട്ടു. മുൻ സീറ്റിലുണ്ടായിരുന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം തടഞ്ഞുവച്ചു.
18 നും 20 വയസിനും ഇടയിലുള്ളവരാണ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പോയവർ. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്ന 26 വയസുള്ള യുവാവ് പുറത്തിറങ്ങി. ആദ്യ ചോദ്യം തന്നെ എന്നെ അറിയില്ലേ സർ എന്നാണ്. മനസിലായില്ലെന്ന് പറഞ്ഞപ്പോൾ അവൻ കാര്യങ്ങൾ നിരത്തി. പണ്ട് എന്റെ ഈ വാഹനമാണ് സുഹൃത്തുക്കൾ കഞ്ചാവ് കടത്തിയതിന് പിടിച്ചത്. ഇപ്പോൾ രണ്ടും ലക്ഷം രൂപ കെട്ടിവച്ചാണ് പുറത്തിറക്കിയത്. എക്‌സൈസുകാർ ചോദിച്ചു 'ഇപ്പ നിനക്ക് എന്താ പരിപാടി'. എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു എന്നു മറുപടി.
ആ സമയം എക്സൈസുകാർ പിടിച്ചുവച്ച മൊബൈൽ ഫോണിലേക്ക് ഒരു കോളെത്തി.
സ്പീക്കർ ഓണാക്കി സംയമനത്തോടെ സംസാരിക്കാൻ എക്സൈസുകാർ നിർദ്ദേശിച്ചു. കോൾ എടുത്തയുടൻ മറുതലയ്ക്കലിൽ നിന്ന് 'എടാ. നീ എവിടാ, എത്ര സമയായി വെയിറ്റ് ചെയ്യുന്നു. ഒ.സി.ബി പേപ്പർ എടുക്കാൻ മറന്നടാ. ഇതു പറഞ്ഞയുടൻ യുവാവ് ഫോൺ കട്ട് ചെയ്‌തു.
ഒ.സി.ബി
(സിഗരറ്റിലെയും ബി.ഡിയിലെയും ചുക്ക കുടഞ്ഞിട്ട ശേഷം അതിലേക്ക് കഞ്ചാവ് നിറച്ച് സിഗരറ്റിനെ ചുറ്റുന്ന പോലെയുള്ള പേപ്പറാണ് ഒ.സി.ബി. ഇത് ഉപയോഗിച്ചാൽ സിഗരറ്റ് പോലെ കൃത്യമായ ഷേപ്പിൽ ചുരുട്ടി എടുക്കാൻ കഴിയും.)
ഇത്രയും വിവരം ലഭിച്ചതോടെ യുവാക്കളെ എക്സൈസുകാർ വാഹനത്തിൽ കയറ്റി. രഹസ്യകേന്ദ്രത്തിൽ വിശദമായി ചോദ്യം ചെയ്‌തു. യുവാവിന്റെ വാട്സ് ആപ്പ് പരിശോധിച്ചതോടെ പുലർച്ചെ വരെ ചാറ്റിംഗ്. എല്ലാം കോഡ് ഭാഷ. ലഹരിയുടെ ഭാഷയാണെന്ന് നിരവധി കേസുകൾ പിടിച്ച ഉദ്യോഗസ്ഥർക്ക് മനസിലായി. പിടിക്കപ്പെട്ടതോടെ യുവാവ് എല്ലാം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ പാർട്ടിക്ക് ശേഷം കൈവശമുണ്ടായിരുന്ന എം.ഡി.എം.എ വാഹനത്തിലിരുന്ന് ഉപയോഗിക്കുകയായിരുന്നു സംഘം. ഏതുതരം മയക്കുമരുന്നും സംഘടിപ്പിച്ച് തരാമെന്നും യുവാവ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ സിന്തറ്റിക് ലഹരിയായ എം.ഡി.എം.എയാണ് ആവശ്യപ്പെട്ടത്. ഇത് പോയിന്റ് -5 മില്ലി ഗ്രാം കൈവശം വച്ചാൽ പോലും ജാമ്യം ലഭിക്കില്ല. ആറ് എം.ജിയാണ് ഉദ്യോഗസ്ഥർ ഓർഡർ ചെയ്തത്. എറണാകുളം ചേരാനെല്ലൂരിലുള്ള ഒരു ഫ്ളാറ്റ് സമുച്ചയമായിരുന്നു ലഹരിയുടെ കേന്ദ്രം. യുവാവുമായി സംഘം അവിടേയ്ക്ക് യാത്രയായി. അവിടെയെത്തിയ എക്സൈസ് സംഘം ഞെട്ടി. ഒരു അപ്പാർട്ട്മെന്റ് മുഴുവൻ ലിവിംഗ് ടുഗതർ. യുവാവിനെ ബന്ധപ്പെട്ടാൽ എല്ലാ സൗകര്യവും ഒരുക്കി നൽകും. സിനിമാ, സീരിയൽ നടിമാരും മോഡലുകളും സംഘത്തിലുണ്ട്. നിങ്ങൾക്ക് ആരെ വേണമെന്ന് ചോദിച്ച് യുവാവ് മൊബൈലിൽ അവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ എക്‌സൈസുകാർ വീണ്ടും ഞെട്ടി. എല്ലാവരും അതി സുന്ദരിമാർ. മിക്കവരെയും സിനിമയിലും സീരിയലിലും കണ്ട ഒാർമ്മ. 2000 മുതൽ 50, 000 രൂപ വരെയാണ് റേറ്റ്. എക്‌സൈസുകാർ അക്കൗണ്ടിൽ പണം ഇട്ടു നൽകിയതോടെ ഒരു മുറി തുറന്ന് ഒരു യുവാവ് പുറത്തിറങ്ങി. അകത്തേക്ക് ക്ഷണിച്ച് എം.ഡി.എം.എ കൈമാറിയതോടെ തങ്ങൾ എക്‌സൈസുകാരാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആ യുവാവും ലിവിംഗ് ടുഗതറാണ്. കൂടെയുള്ള യുവതി നഗരത്തിലെ പ്രശസ്തമായ ഒരു മാളിൽ ജോലിക്ക് പോയിരിക്കുന്നു. ഇത്തരത്തിൽ കൊച്ചിയിൽ നിരവധി സ്ഥലങ്ങളുണ്ടെന്ന് യുവാവ് വെളിപ്പെടുത്തി. ലഹരിയും സെക്‌സുമാണ് എല്ലായിടത്തും. മയക്കുമരുന്നിന്റെ നിയന്ത്രണം ഒരു യുവതിക്കാണെന്നും എക്സൈസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിനിടയിൽ യുവാവിന്റെ മൊബൈലിലേക്ക് സുന്ദരിയായ യുവതിയുടെ വാട്സ് ആപ്പ് സന്ദേശമെത്തി. 'ബംഗളൂരു സിനിമാക്കാർ ഉൾപ്പെടെയുള്ളവരാണ് ലഹരിക്കേസിൽ പിടിയിലായി, നമ്മളും കുടുങ്ങുമോ'.ഇതായിരുന്നു സന്ദേശം.
ആ കൂട്ടുകെട്ട് പൊളിച്ചു
ലഹരിമരുന്ന് മാഫിയ ജനജീവിതത്തിന് ഭീഷണിയായി മാറിയപ്പോൾ പൊലീസും എക്സൈസും തമ്മിൽ കൈ കൊടുത്തൊരു കൂട്ടുകെട്ടുണ്ടാക്കി. സംസ്ഥാനത്തേക്കെത്തുന്ന മയക്കുമരുന്ന് കണ്ടെത്താൻ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എക്സൈസുമായി ചേർന്ന് നിത്യേന റെയ്ഡുകൾ നടത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനായി രൂപീകരിച്ച ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് നടപടികളും ഫലപ്രദമായില്ല. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മടിച്ച് ഉദ്യോഗസ്ഥർ ഈ കൂട്ടുകെട്ട് പൊളിച്ചടുക്കി.
രണ്ടുവർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിൽ നിന്ന് 135 കിലോ കഞ്ചാവ് പിടികൂടിയത് വൻവിവാദമായ സംഭവമായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിനുണ്ടായ പിഴവു കാരണം ഈ കേസിന്റെ കുറ്റപത്രം റദ്ദായിപ്പോയി. കേസെടുത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശം വകവയ്ക്കാതെ, കഞ്ചാവ് പിടിച്ച മെഡിക്കൽകോളേജ് സി.ഐ തന്നെ കുറ്റപത്രം നൽകിയതാണ് പിഴവായത്. കേസെടുത്ത ഉദ്യോഗസ്ഥനെക്കാൾ ഉയർന്നറാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണം കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. 24 വർഷംവരെ ശിക്ഷകിട്ടാവുന്ന കേസിലെ മൂന്ന് പ്രതികൾ കേസിൽ നിന്ന് പുല്ലുപോലെ ഊരിപ്പോയി. ഗുണ്ടാനിയമം ചുമത്തപ്പെട്ടിരുന്ന, ഒട്ടേറെ കേസുകളിലെ പ്രതികളായിരുന്നു ഇവർ.
ഇതുകൊണ്ടും പൊലീസ് പഠിച്ചില്ല. 13കോടിയുടെ ഹാഷിഷുമായി നാല് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ കേസിലും വീഴ്ച ആവർത്തിച്ചു. കൃത്യമായ രേഖകളില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും കന്റോൺമെന്റ് പൊലീസ് നൽകിയ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതോടെ നാല് ശ്രീലങ്കക്കാർക്കും ജാമ്യം ലഭിച്ചു.സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ അതേപടി പാലിച്ചില്ലെങ്കിൽ നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടി കോടതികൾ കുറ്റപത്രം തള്ളിക്കളയും. പ്രതികൾ നിസാരമായി രക്ഷപ്പെടുകയും ചെയ്യും. ഈ ജാഗ്രതയില്ലാതെ അന്വേഷിക്കുകയും കുറ്റപത്രം നൽകുകയും ചെയ്യുന്നതാണ് കേസുകൾ ഇല്ലാതാക്കാൻ ഇടവരുത്തുന്നത്.
( അവസാനിച്ചു )