കോലഞ്ചേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടുവീണ ഡ്രൈവിംഗ് സ്കൂളുകൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. കർശന നിബന്ധനകളോടെയായിരിക്കും ക്ലാസുകൾ. മാർച്ച് 11നാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടത്.ആറു മാസത്തെ അടച്ചിടൽ ലക്ഷങ്ങളുടെ നഷ്ടം മേഖലയ്ക്കുണ്ടാക്കി. ഡ്രൈവിംഗ് സ്കൂളുകൾ മുന്നോട്ടു പോകണമെങ്കിൽ ഇനിയും പണം മുടക്കേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു. അതേസമയം ഡ്രൈവിംഗ് സ്കൂളുകൾ പുനരാരംഭിക്കുന്നതിനൊപ്പം മോട്ടോർ വാഹന വകുപ്പിന്റെ ലൈസൻസ് പരീക്ഷകളും ആരംഭിക്കും. ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്‌സ് എടുത്തവർക്കും ഒരിക്കൽ ഡ്രൈവിംഗ് പരീക്ഷയിൽ പങ്കെടുത്ത് തോറ്റവർക്കുമായിരിക്കും ഒക്ടോബർ 15 വരെ അവസരം. കൊവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് പരീക്ഷകൾ കുറച്ചു. ഓരോ ആർ.ടി.ഒ.യ്ക്ക് കീഴിലും നേരത്തെയുള്ളതിന്റെ പകുതി പരീക്ഷകൾ മാത്രമെ നടക്കുകയുള്ളൂ.കണ്ടെയിൻമെന്റ് സോൺ, മറ്റ് നിരോധിത മേഖലയിൽ ഉള്ളവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിങ്ങനെയുള്ള പൊതു നിർദേശങ്ങൾക്കൊപ്പം സർക്കാർ നിബന്ധനകളും പാലിച്ചായിരിക്കും പ്രവർത്തനം.
നാളിതു വരെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ അനങ്ങാതെ കിടന്നതോടെ പലതും കട്ടപ്പുറത്താണ്. ഓഫീസുകളിലെ പഠനോപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു. കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പ്രവർത്തനക്ഷമവുമല്ല.
നിർദേശങ്ങൾ
വാഹനം അണുവിമുക്തമാക്കണം
ഗർഭിണികൾക്ക് താകാലിക വിലക്ക്
65 വയസുള്ളവർക്കും വിലക്ക്
വാഹനത്തിൽ ഒരു വിദ്യാർത്ഥി മാത്രം
ഗ്ലാസുകൾ തുറന്നിടണം
എ.സി. ഉപയോഗിക്കരുത്.
സാനിറ്റൈസർ കരുതണം
അണുനാശിനി ലായിനി വാഹനത്തിൽ സൂക്ഷിക്കണം
വാഹനം ദിവസവും വാട്ടർ സർവീസ് ചെയ്യണം