food

കോലഞ്ചേരി: നാട്ടിൻപുറങ്ങളിലും വിളിപ്പുറത്ത് ഭക്ഷണം റെഡി. നഗരങ്ങളിലെ കുത്തക ഭീമൻമാരെ അനുകരിച്ച് ന്യൂജെൻ ഹോം ഡെലിവറി സമ്പ്രദായം ഗ്രാമങ്ങളിലുമെത്തി. ഭക്ഷണ സാധനങ്ങൾ മാത്രമല്ല എന്തും വീട്ടിലെത്തിക്കാൻ തയ്യാറായി ഹോം ഡെലിവറിക്കാർ രംഗത്തെത്തിയതോടെ സംഗതി കൊള്ളാമല്ലോയെന്ന് ആളുകൾക്കും തോന്നിത്തുടങ്ങി. വീട്ടിലുണ്ടാക്കിയിരുന്ന ഉല്പന്നങ്ങൾ വീട്ടുപടിക്കലെത്തി തുടങ്ങിയതോടെ ആവശ്യക്കാർ ഏറെയാണ്. വെറുതെയിരിപ്പിന്റെ മടുപ്പൊഴിവാക്കാൻ ചെറിയതോതിൽ ഭക്ഷണസാധനങ്ങൾ വീട്ടിലുണ്ടാക്കി വില്പന നടത്തുന്ന വനിതാ സംരംഭകരുമുണ്ട്. വാട്‌സാപ്പ് ​ സ്റ്റാ​റ്റസുകളിലൂടെയും ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലൂടെയും ഓർഡർ സ്വീകരിച്ച് സമീപ പ്രദേശങ്ങളിൽ സാധനങ്ങൾ വില്പന നടത്തുന്നതാണ് രീതി. ലോക്ക് ഡൗണിനു മുമ്പു തന്നെ പല ബേക്കറികളും ഹോട്ടലുകളും ഹോം ഡെലിവറി തുടങ്ങിയിരുന്നു. അവർക്കും ആവശ്യക്കാരേറെയാണ്.

ദിനവും ഓഫറുകൾ

ജോലി നഷ്ടമായി വീട്ടിലിരിപ്പായ യുവാക്കളാണ് കൂടുതലും സംരംഭങ്ങളുടെ അണിയറക്കാർ. നാട്ടിൻപുറങ്ങളിൽ പോലും ആളുകൾ ഈ ശീലത്തിലേക്ക് എത്തിയതോടെ ഹോം ഡെലിവറിയുടെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ആളുകൾ കൂടുതലാണ്. ഓരോ ദിവസവും പ്രത്യേക ഓഫറുകൾ നൽകിയും വിലകുറച്ചും ആളുകളെ പരമാവധി ഓർഡർ ചെയ്യിക്കാനുള്ള ശ്രമത്തിലാണിവർ. സംരംഭത്തിനായി പ്രത്യേക ആപ്പുകൾ തയ്യാറാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കുന്നു.

കേക്കാണ് താരം

വീട്ടിലെ കേക്കുകളാണ് ഹോം ഡെലിവറിക്കാരുടെ മുഖ്യയിനം. കേക്കുകൾ മാത്രം വീട്ടിലുണ്ടാക്കി അടുത്ത പ്രദേശങ്ങളിലും പരിചയക്കാർക്കും മാത്രം ഹോം ഡെലിവറി ചെയ്യുന്ന ചെറു സംരംഭകരും ഏറെയാണ്. 300 രൂപ മുതലാണ് കേക്കുകളുടെ വില. ഇത്തരം ഹോം മെയ്ഡ് കേക്കുകൾക്ക് കൂടുതൽ ആവശ്യക്കാരുമുണ്ട്. ബ്ലാക്ക് ഫോറസ്​റ്റ്, വൈ​റ്റ് ഫോറസ്​റ്റ്, റെഡ് വെൽവെ​റ്റ് തുടങ്ങിയവയ്ക്കാണ് ഡിമാൻഡ് കൂടുതലെന്ന് പട്ടിമറ്റത്തെ മന്ന പേസ്ട്രിയിലെ അന്ന സിനിൽ പറഞ്ഞു.

സേവനം സൗജന്യം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോം ഡെലിവറിയാണ് കൂടുതൽ പേർക്കും താല്പര്യം. കുടുംബവുമൊത്ത് പുറത്തു പോയി ഭക്ഷണം കഴിക്കുന്ന രീതിയ്ക്ക് പകരം ഹോം ഡെലിവറിയെ ആശ്രയിക്കും. ബിരിയാണി, അറേബ്യൻ വിഭവങ്ങളാണ് കൂടുതൽ ഓർഡർ. കൊവിഡ് കാലത്തിനു മുമ്പ് രണ്ടര കിലോമീറ്ററിനുള്ളിലായിരുന്നു സൗജന്യ സേവനം.ഇപ്പോൾ നിയന്ത്രണങ്ങളോ, സർവീസ് ചാർജോ ഇല്ല. രാത്രി പത്തു വരെ ഭക്ഷണം നൽകും.

ടി.റാഷിദ്,

മാനേജർ,

റോയൽ ബേക്ക്സ് ആൻഡ് റസ്റ്റോറന്റ് പട്ടിമറ്റം