കോലഞ്ചേരി: ധ്വനി നിലച്ച ചിലങ്കകൾ, നൃത്ത വേദികൾ നിശ്ചലം, സംഗീതവുമില്ല. നിശ്ചലമായ കലാ രംഗത്ത് നൃത്താദ്ധ്യപകരും കൊവിഡിൽ കുടുങ്ങി. ജീവനോപാധി നിലച്ചതോടെ മുന്നോട്ടുള്ള ജീവിതം കൈ വിട്ടാണ് ഇവരുടെ പോക്ക്. ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും നൃത്ത കലാ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ അനുമതിയായില്ല. മൂന്നു മാസമായി ഈ ദുരവസ്ഥ തുടരുകയാണ്. ഈ മേഖലയിലെ പല അദ്ധ്യാപകരും ദുരിതത്തിലാണ്. കുട്ടികളെ കല അഭ്യസിപ്പിക്കുന്ന ജോലിയല്ലാതെ മറ്റൊരു തൊഴിലും പരിചയമില്ല. പലരുടെയും കുടുംബം ഈ രംഗത്തു നിന്നുള്ള വരുമാനത്തിലാണ് കഴിയുന്നത്. കുട്ടികളുടെ അരങ്ങേറ്റത്തിനായി മേയിൽ ഓഡിറ്റോറിയം വരെ ബുക്കു ചെയ്തിരുന്നതാണ്. ഡ്രസുകൾ തയ്പ്പിച്ചു വയ്ക്കുകയും ചെയ്തു. കുട്ടികൾ വളരുന്നതിനാൽ പിന്നീട് ഇവ ഉപയോഗിക്കാനാവില്ല. പ്രോഗ്രാം റദ്ദാക്കപ്പെട്ടതോടെ അദ്ധ്യാപകരുടെ മാത്രമല്ല, പക്കമേളക്കാരുടെയും സ്റ്റേജ്, അണിയറ ശില്പികളുടെയും വരുമാനം ഇല്ലാതായി.
എല്ലാം അടഞ്ഞു തന്നെ
സർക്കാരിന്റെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ നാലായിരത്തോളം സ്ഥാപനങ്ങളാണ് കേരളത്തിൽ അടഞ്ഞുകിടക്കുന്നത്. ചുരുങ്ങിയത് പതിനായിരത്തോളം പേർ സംഗീതം, ക്ലാസിക്കൽ സമകാലിക നൃത്തരൂപങ്ങൾ, പെയിന്റിംഗ്, ഉപകരണ സംഗീതം തുടങ്ങിയവ അഭ്യസിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് അഞ്ചു കുട്ടികളെ വച്ചെങ്കിലും ക്ലാസുകൾ നടത്താനുള്ള അനുവാദമാണു വേണ്ടതെന്ന് ഇവർ പറയുന്നു. സ്‌കൂൾ കലോത്സവങ്ങളും ക്ലബ്ബുകളുടെ വാർഷിക പരിപാടികളും ഉത്സവങ്ങളും അവധിക്കാല പരിപാടികളുമൊക്കെ ഇല്ലാതായതോടെ ജീവിതം ദുരിതമായി.
ഓൺലൈൻ ക്ലാസുകൾ തിരിച്ചടിയായി
ദൈനം ദിന പരിശീലനം മുടങ്ങിയതോടെ കലാരൂപങ്ങൾ അഭ്യസിക്കാൻ എത്തിയിരുന്ന കുട്ടികളും വിഷമത്തിലാണ്. ചില നൃത്താദ്ധ്യാപകർ ഓൺലൈൻ പഠനത്തിനു ശ്രമം നടത്തിയെങ്കിലും ഇതോടൊപ്പം സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസുകളും നടക്കുന്നതു തിരിച്ചടിയായി. മാത്രമല്ല, നൃത്തത്തിൽ ചുവടുവച്ചു തുടങ്ങുന്ന തുടക്കക്കാർക്ക് ഓൺലൈൻ ക്ലാസുകൾ അനുയോജ്യവുമല്ല.
എന്തിനും തയ്യാർ
സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും അവലംബിച്ച് ക്ലാസ് നടത്താൻ തയ്യാറാണ്. സമൂഹത്തിലെ മറ്റു തൊഴിൽ മേഖലകളെല്ലാം പ്രവർത്തന സജ്ജമായി. നൃത്താദ്ധ്യാപനം നടത്തി ഉപജീവനം കഴിയുന്ന പാവപ്പെട്ട കലാകാരന്മാരുടെ അവസ്ഥ മനസിലാക്കണം.
കലാനിലയം ജോയ് മാത്യു
നൃത്താദ്ധ്യാപകൻ