മൂവാറ്റുപുഴ: ​ഗ്രന്ഥശാലാ ദിനമായ നാളെ (തിങ്കൾ) മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ട്രെയിനിം​ഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. മഹാമാരിക്ക് ഒരു ഒറ്റമൂലി എന്നതാണ് വെബിനാർ വിഷയം . ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈവ് സ്ട്രീമീങ്ങിലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ ചെന്നൈ വൈ.എം.സി.എ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ പ്രിൻസിപ്പൽ ഡോ.ജോർജ്ജ് എബ്രഹാം വിഷയാവതരണം നടത്തും. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി, സെന്റ് പീറ്റേഴ്സ് ട്രെയിനിംഗ് കോളേജ് മാനേജർ ഫാ. സി.എം കുര്യാക്കോസ്, കോളേജ് പ്രിൻസിപ്പൽ ഡോ.രാജി കെ പോൾ, തുടങ്ങിയവർ സംസാരിക്കും .ലൈബ്രറി കൗണസിൽ സംസ്ഥാന കൗൺസിൽ മെമ്പർ ജോസ് കരിമ്പന , ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ , പി.ബി. രതീഷ്, ജസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം നൽകും.

കായികാദ്ധ്യാപകനായി ജോലിയിൽ‌ പ്രവേശിച്ചതിനുശേഷം കായികമേഖലയ്ക്ക് സമ​ഗ്രമായി നൽകാവുന്ന സംഭാവന കളെക്കുറിച്ച് പഠിക്കുകയും തന്റെ സ്വന്തമായ പ്രയത്നം കൊണ്ട് രാജ്യത്തിന് വേണ്ടി നിരവധി കായിക പുരസ്കാരങ്ങൾ നേടിയെടുക്കുകയും 1990-91 ൽ എം.ജി യൂണിവേഴ്സിറ്റി ചാമ്പ്യൻനുമായിരുന്ന ഡോ.ജോർജ്ജ് എബ്രാഹാം പെരുമ്പാവൂർ സ്വദേശിയാണ്. ​ഗ്രന്ഥശാലാ ദിനത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉൾപ്പെടെ ഏവർക്കും വേണ്ടിയുള്ള പ്രചോദനം കൂടിയാണ് ഇദ്ദേഹത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബിനാറെന്ന് സംഘാടകർ അറിയിച്ചു.