കൊച്ചി: തൃശൂർ സ്വദേശിയായ പി.എൻ. ബൽറാം സ്വന്തം പേരിൽ (പി.എൻ.ബി) കൊച്ചിയിൽ തുടങ്ങിയ മരുന്ന് ഗവേഷണ സ്ഥാപനത്തിന്റെ പരീക്ഷണം വിജയിച്ചാൽ കൊവിഡ് ചികിത്സയ്ക്കുള്ള ലോകത്തെ ആദ്യമരുന്ന് മലയാളിയുടെ പേരിലാവും. പി.എൻ.ബി -001 (ജി.പി.പി. ബലാഡോൾ) എന്ന് പേരിട്ട മരുന്നിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
74 പേരിൽ നടത്തിയ ആദ്യപരീക്ഷണം വിജയിച്ചതോടെയാണ് രണ്ടാംഘട്ടം പൂനെ ബി.എം.ജെ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുന്ന 40 കൊവിഡ് രോഗികളിൽ നടത്തുന്നത്. 60 ദിവസമാണ് പരീക്ഷണകാലം. മൂന്നാംഘട്ടത്തിൽ ആറ് മെഡിക്കൽ കോളേജുകളിലായി 350 കൊവിഡ് രോഗികളിൽ പരീക്ഷിക്കും. രണ്ടാംഘട്ടം വിജയിച്ചാൽ തന്നെ മരുന്ന് പുറത്തിറക്കാനുള്ള നടപടികൾ തുടങ്ങാം. പരീക്ഷണശാലകളും ലബോറട്ടറികളും ബംഗളൂരുവിലും ഹൈദരാബാദിലും ബ്രിട്ടനിലുമാണ്.
മരുന്നിന്റെ മേന്മ
ഇന്ത്യക്ക് അഭിമാനം
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ മരുന്നിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാരും പരീക്ഷണത്തിന് സന്നദ്ധമാണ്.
60 ദിവസം നിർണായകം
'' വിജയിച്ചാൽ കൊവിഡ് ചികിത്സയ്ക്കുള്ള ലോകത്തെ ആദ്യ മരുന്നായിരിക്കും.രണ്ടാംഘട്ടത്തിലെ അറുപതു ദിവസങ്ങൾ നിർണായകമാണ്. വാക്‌സിൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിത്. ഓരോ ഇന്ത്യക്കാരനും, അതിലേറെ ഓരോ മലയാളിക്കും അഭിമാനിക്കാം''
-പി.എൻ. ബൽറാം,സി.ഇ.ഒ,
പി.എൻ.ബി വെസ്‌പർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ്.
എട്ട് ആനയെ നടയ്ക്കിരുത്തിയ
ഗുരുവായൂരപ്പ ഭക്തൻ
ഗുരുവായൂരപ്പ ഭക്തനായ ബൽറാം കണ്ണന്റെ സന്നിധിയിൽ എട്ട് ആനയെ നടയ്‌ക്കിരുത്തിയിട്ടുണ്ട്.
20 ാം വയസിൽ തോഷിബ കമ്പനിയുമായി സഹകരിച്ച് ടെൽട്രോണിക്‌സ് ടെലിവിഷൻ നിർമ്മാണത്തിലൂടെയാണ് സംരംഭകനായത്. ഇപ്പോൾ 67 വയസ്. 1984ൽ കോർ, ഓൺസ്‌ക്രീൻ ഡിസ്‌പ്ലേ ടെലിവിഷനുകൾ, 1986ൽ വി.സി.ആർ, ഡി.ടി.എച്ച് സാറ്റലൈറ്റ് സംവിധാനം, 1989ൽ പെറ്റ് ബോട്ടിലുകൾ എന്നിവയുടെ നിർമ്മാണം. 1997ൽ ''സൈബൽ ഹെർബൽ ലബോറട്ടറീസ് '' സ്ഥാപിച്ച് ആയുർവേദ മരുന്നുനിർമ്മാണം.
2011ലാണ് അലോപ്പതിയിലേക്ക് തിരിഞ്ഞത്. പടിഞ്ഞാറേത്തലയ്ക്കൽ നാണു എഴുത്തച്ഛൻ, ലക്ഷ്‌മി ദമ്പതികളുടെ മകനാണ്.