കിഴക്കമ്പലം: കൊവിഡിന്റെ മറവിൽ പൊലീസ് പരിശോധന കുറഞ്ഞതോടെ മയക്കുമരുന്ന് മാഫിയ ഗ്രാമീണ മേഖലകളിലും പിടിമുറുക്കി. ഇതോടെ ഫ്രീക്കന്മാരുടെ 'മരുന്നടി' ഗ്രാമ പ്രദേശങ്ങളിലും വ്യാപകമായി.ഹൈസ്‌കൂൾ തലം മുതലുള്ള വിദ്യാർത്ഥികളിൽ മിക്കവരും അറിഞ്ഞോ അറിയാതെയോ ഈ ലഹരി സംഘത്തിന്റെ വലയിലാണ്. ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും ഇവരുടെ വിളയാട്ടം. ഇവരെ ചോദ്യം ചെയ്യുന്നവരെ ഭീക്ഷണിപ്പെടുത്തുകയും വേണ്ടി വന്നാൽ ആക്രമിക്കുകയും ചെയ്യും. ഇക്കാരണത്താൽ പലരും ഈ വിവരം പൊലീസിൽ അറിയിക്കാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസം ഞാറള്ളൂരിൽ മരുന്നടി സംഘത്തെ ചോദ്യം ചെയ്തവരെ അവരുടെ വീട്ടിലെത്തി സംഘം ഭീക്ഷണിപ്പെടുത്തിയിരുന്നു.

മാഫിയ സംഘങ്ങളുടെ ശല്യം

തടിയിട്ടപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൂക്കാട്ടുപടി, പഴങ്ങനാട്, ചെമ്മലപ്പടി, താമരച്ചാൽ വയലോരം, കുന്നത്തുനാട് സ്‌​റ്റേഷൻ പരിധിയലെ ഞാറള്ളൂർ എന്നിവിടങ്ങളിൽ മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്നതായി പരാതിയുണ്ട്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പൊലീസുകാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് നാട്ടിൽ മയക്കു മരുന്നു ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

വില്പന ഫുഡ് പാഴ്സലിന്റെ മറവിൽ

കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതോടെ വിദ്യാർത്ഥികളെ സ്വാധീനിക്കാൻ ലഹരി മാഫിയകൾ പുതുവഴികൾ തേടിക്കഴിഞ്ഞു. വിവിധ ഓൺലൈൻ മാർക്കറ്റിംഗുകളിലെ വിതരണക്കാരുടെയും, ആഹാര സാധനങ്ങളുടെ പാഴ്സൽ വില്പനയുടെയും മറവിലാണ് മയക്കു മരുന്നുകളുടെ വിതരണം.കണ്ടെയിൻമെന്റ് സോണുകളിൽ പോലും ആഹാര പദാർത്ഥങ്ങൾ എത്തിക്കുന്നതിന് വിലക്കില്ലെന്നതും ഇത്തരക്കാർ മുതലെടുക്കുകയാണ്. വിവിധ ബ്രാന്റഡ് കമ്പനികളുടേതെന്ന് തോന്നിപ്പിക്കും വിധമുള്ള വേഷ വിധാനങ്ങളും, വ്യാജ ഐ.ഡി കാർഡുകളും ഇത്തരക്കാരുടെ കൈയ്യിലുണ്ട്. പലപ്പോഴും പൊലീസ് ഇവരെ പരിശോധിക്കാറില്ലെന്നതും മറയാണ്.

പ്രതികൾ പ്രായപൂർത്തിയാകാത്തവർ

കഞ്ചാവ് മാത്രമല്ല നാക്കിനടിയിൽ വെച്ചാൽ അലിഞ്ഞു പോകുന്ന ഗുളിക പോലുള്ള ലഹരി വസ്തുക്കളും എൽ.എസ്.ഡി സ്റ്റാമ്പുകളും വരെ വില്പനയ്‌ക്കെത്തുന്നുണ്ട്. ഇക്കാര്യം പൊലീസിൽ അറിയിച്ചാലും തിരിഞ്ഞുനോക്കാറില്ലെന്ന പരാതിയുണ്ട്. ഇത്തരക്കാരെ പിടികൂടിയാലും പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ പൊലീസ് കേസെടുക്കാറില്ല.