congress
കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി പുതിയ ബ്ളോക്ക്, മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകുന്നതിനായി ചേർന്ന യോഗം അലങ്കോലമായപ്പോൾ

ആലുവ: കോൺഗ്രസ് ബ്ളോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂരിലെ ഗ്രൂപ്പ് പോര് കൈയ്യാങ്കളിയിൽ കലാശിച്ചു. കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി പുതിയ ബ്ളോക്ക്, മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകുന്നതിനായി ചേർന്ന യോഗം അലങ്കോലമായി.

25 ഓളം പേർ പങ്കെടുത്ത യോഗം എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റ് നാസർ എടയാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചയുടൻ 50ഒാളം ഐ ഗ്രൂപ്പുകാർ പ്രകടനമായെത്തി. വേദിയിലെത്തി മിനിറ്റ്സ് ബുക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ ബഹളം ഉന്തും തള്ളും കസേരയേറും വരെയായി. ഇതോടെ വേദിയിലുണ്ടായിരുന്ന ബ്ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസിന്റെ നിർദ്ദേശപ്രകാരം അദ്ധ്യക്ഷൻ യോഗം പിരിച്ചുവിട്ടു.

കടുങ്ങല്ലൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും ഉൾപ്പെടെ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചവരെയും മറ്റ് ചില ക്രിമിനലുകളെയുമാണ് ഭാരവാഹിയാക്കിയെന്നാണ് ഐ ഗ്രൂപ്പുകാരുടെ ആക്ഷേപം. മാത്രമല്ല, ത്രിതല തിരഞ്ഞെടുപ്പ് ഘട്ടത്തിലായതിനാൽ പുതിയ ഭാരവാഹികളെ നിയമിക്കരുതെന്ന ആഗസ്റ്റ് 17ലെ കെ.പി.സി.സി പ്രസിഡന്റിന്റെ സർക്കുലറിന് വിരുദ്ധമായി 29ന് പുനസംഘടന നടത്തിയെന്നും ഐ ഗ്രൂപ്പുകാർ ആരോപിക്കുന്നു. കെ.പി.സി.സിക്ക് നൽകിയ പരാതി നിലനിൽക്കെ സ്വീകരണം പാടില്ലെന്നാണ് ഐ ഗ്രൂപ്പുകാർ ആവശ്യപ്പെട്ടത്. അതേസമയം ആം ആദ്മി പാർട്ടിക്കാരനെ ബ്ളോക്ക് സെക്രട്ടറിയാക്കാത്തതിന്റെ വിരോധമാണ് ഐ കാർക്കെന്ന് എ ഗ്രൂപ്പും തിരിച്ചടിക്കുന്നു. ഡി.സി.സി പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നും എ ഗ്രൂപ്പുകാർ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് പാർട്ടി യോഗം അലങ്കോലപ്പെടുത്തിയതെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.

കരുത്തുകാട്ടി ഐ ഗ്രൂപ്പ്,

പിടിച്ചെടുത്ത് എ ഗ്രൂപ്പ്

കടുങ്ങല്ലൂർ പഞ്ചായത്ത് കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ്. എ - ഐ ഗ്രൂപ്പുകളും ഒരു പോലെ ശക്തരാണ്. എ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്ന മണ്ഡലം കമ്മിറ്റി സമീപകാലത്ത് രണ്ടാക്കിയിരുന്നു. പിന്നീട് രണ്ട് കമ്മിറ്റിയുടെയും അദ്ധ്യക്ഷന്മാരായി എ ഗ്രൂപ്പുകാരെ നിയോഗിച്ചതാണ് പ്രശ്നമായത്. ഇതിനിടയിൽ എ ഗ്രൂപ്പിനൊപ്പമായിരുന്ന പഞ്ചായത്തിലെ മുതിർന്ന നേതാക്കളായ ടി.എം. സെയ്തുകുഞ്ഞ്, സുരേഷ് മുട്ടത്തിൽ എന്നിവർ ഉൾപ്പെടെ ഒരു വിഭാഗം ഐ ഗ്രൂപ്പിൽ സജീവമായി. യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ ഐ ഗ്രൂപ്പിൽ നിന്നും പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പും പിടിച്ചു. ഗ്രാമപഞ്ചായത്തിലെ 21 സീറ്റിൽ മൂന്ന് സീറ്റാണ് മുസ്ലീംലീഗിന് നൽകുന്നത്. ബാക്കി സീറ്റിൽ പരമാവധി നാലോ അഞ്ചോ സീറ്റിൽ ഐ ഗ്രൂപ്പിനെ ഒതുക്കും. ഇക്കുറി പകുതി സീറ്റ് വേണമെന്നാണ് ഐയുടെ ആവശ്യം.