മൂവാറ്റുപുഴ : പ്രേത ഭവനത്തിൽ താമസിക്കാൻ ആളില്ലാതായതോടെ സർക്കാർ ക്വാർട്ടേഴ്സ് ഇഴജന്തുക്കളുടെ താവളമായി. മൂവാറ്റുപുഴ ആർ.ഡി.ഒ ആയായിരുന്ന സന്തോഷിന്റെ ദുരൂഹമരണത്തിനു ശേഷം കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും ആർ.ഡി.ഒ. ക്വാർട്ടേഴ്സിൽ താമസിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകത്തതിനാൽ ഇവിടം അനാഥമായി കിടക്കുകയാണ്. നഗരത്തിൽ എൻ.ജി.ഒ ക്വാർട്ടേഴ്സിനു സമീപത്തായി മുറിക്കല്ല് ബൈപാസ് റോഡിലാണ് പ്രേതഭവനം അടഞ്ഞുകിടക്കുന്നത്. സന്തോഷിന്റെ മരണത്തിനു ശേഷം ഭയാശങ്ക മൂലമാണ് ആർ.ഡി.ഒ. ക്വാർട്ടേഴ്സിൽ താമസിക്കാൻ ഇതുവരെ ആരും എത്താതിരിക്കുന്നത്.
ഇവിടെ താമസിക്കാൻ ഒരു വനിതാ ഉദ്യോഗസ്ഥ തയാറായെത്തിയെങ്കിലും ഒരു ദിവസം മാത്രമായിരുന്നു ഇവർ ഇവിടെ താമസിച്ചത്. പിന്നീട് പലരും സന്നദ്ധത അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിഞ്ഞു മാറുകയായിരുന്നു.
പ്രേത ഭവനം
1995 മെയ് 20നാണ് മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന സന്തോഷിന്റെ അഴുകിയ മൃതദേഹം ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മരണം കൊലപാതകമാണെന്നും , ആത്മഹത്യയാണെന്നും, ഹൃദയസ്തംഭനം മൂലമുള്ള സ്വാഭാവിക മരണമാണെന്നുമൊക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും പ്രചരിച്ചു. സന്തോഷിന്റെ അമ്മ നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ സി.ബി.ഐയും കേസ് അന്വേഷിച്ചു. കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും, അന്വേഷണ സംഘങ്ങൾ പലവിധ നിഗമനങ്ങളിലുമെത്തി. സന്തോഷിന്റെ മരണത്തിനു ശേഷം 25 വർഷം പിന്നിടുമ്പോഴും ക്വാർട്ടേഴ്സ് പ്രേതഭവനമായി തന്നെ കിടക്കുകയാണ്.
കാടു കയറി കിടക്കുന്നു
കാടുപിടിച്ച് കിടക്കുന്ന ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറുമില്ല. കാടുകയറി ഇഴജന്തുക്കളുടെ താവളമാണ് ഇപ്പോൾ ക്വാർട്ടേഴ്സ്.ഇവിടെ സാംസ്കാരിക നിലയം നിർമ്മിക്കാനും, മിനി സ്റ്റേഡിയം നിർമ്മിക്കാനുമൊക്കെ പദ്ധതി തയാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും തുടർനടപടി ഉണ്ടായില്ല.