കൊച്ചി: ജില്ലയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതും പ്രധാന വ്യാപാര കേന്ദ്രവുമായ എറണാകുളം ബ്രോഡ്‌വേയുടെ പ്രതാപമെല്ലാം പഴങ്കഥയാകുകയാണ്. കൊവിഡ് കാലക്കേടിന് തുടക്കമിട്ടു. തിരക്ക് കുറഞ്ഞു. കച്ചവടം പകുതിയിൽ താഴെയായി . നഷ്ടം സഹിക്കവയ്യാതെ പലരും കടകൾ അടച്ചു, ജീവനക്കാർക്ക് ജോലി നഷ്ടമായി.

ഇതിനിടെയാണ് ടി.ഡി. റോഡിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ആദ്യം ഇതിന് 100 മീറ്റർ ചുറ്റളവിലാണ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. രോഗവ്യാപനം മുന്നിൽ കണ്ട് അടച്ച എറണാകുളം മാർക്കറ്റും ബ്രോഡ് വേയും 20 ദിവസം കഴിഞ്ഞാണ് തുറന്നത്. ചരക്ക് കെട്ടിക്കിടന്ന് വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.

# അൺലോക്കിലും രക്ഷയില്ലാതെ

അൺലോക്ക് 4 പ്രഖ്യാപിച്ചപ്പോഴും ബ്രോഡ് വേയിലെ നിയന്ത്രണം തുടർന്നു. അതേ സമയം കൊവിഡ് റിപ്പോർട്ട് ചെയ്ത ടി.ഡി. റോഡിൽ ഇത്തരം നിയന്ത്രണമൊന്നുമില്ലെന്ന് വ്യാപാരികൾ ഓർമ്മിപ്പിക്കുന്നു. ബ്രോഡ് വേയിലേക്കുള്ള വഴികളിലെല്ലാം ബാരിക്കേഡ് തുടരുകയാണ്. ഇത് കണ്ട് കൊവിഡ് ഭയന്ന് ബ്രോഡ് വേയിലേക്ക് കടക്കാതെ നല്ലൊരു വിഭാഗം ഉപയോക്താക്കളും മടങ്ങി. ഇതോടെയാണ് വ്യാപാരികൾ സമരത്തിനിറങ്ങുന്നത്. ആദ്യം കലംകമിഴ്ത്തിൽ നിൽപ്പ്‌സമരം, പിന്നെ പട്ടിണിസമരം. സമരം നീണ്ടപ്പോൾ ബാരിക്കേഡ് വച്ച് അടച്ച ഒരു കവാടം തുറക്കാൻ മാത്രം അധികൃതർ അനുമതി നൽകി. ബ്രോഡ് വേയ്ക്ക് ചുറ്റുമായി സ്ഥിതി ചെയ്യുന്ന ജ്യൂ സ്ട്രീറ്റ്, ക്ലോത്ത് ബസാർ, മേത്തർ ബസാർ, ബേസിൻ റോഡ്, പോസ്റ്റാഫീസ് ലിങ്ക് റോഡ്, കോർപ്പറേഷൻ ബസാർ എന്നിവിടങ്ങളിലായി ആകെ 2000 വ്യാപാര സ്ഥാപനങ്ങളാണുള്ളത്. കച്ചവടം ഇല്ലാത്തതിനാൽ 30 ശതമാനത്തിലേറെ കടകൾ അടഞ്ഞു.

കഞ്ഞിവച്ച് പ്രതിഷേധം

മാർക്കറ്റിൽ അശാസ്ത്രീയമായി അധികാരികൾ സൃഷ്ടിക്കുന്ന ബാരിക്കേഡുകൾക്കെതിരെ വ്യാപാരികൾ റോഡിൽ അടുപ്പുകൂട്ടി കഞ്ഞിവെച്ച് കഴിച്ച് പ്രതിഷേധിച്ചു. ഇന്നലെ ബേസിൻ റോഡ് ജംഗ്ഷനിലെ ബാരിക്കേഡിന് മുന്നിൽ നടന്ന ചടങ്ങിൽ മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ്, ബ്രോഡ് വേ സംരക്ഷണ സമിതി, വ്യാപാരി വ്യവസായ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രാധാകൃഷ്ണൻ സി.ജി.രാജഗോപാൽ ,മുഹമ്മദ് കമറാൻ, ഏലൂർ ഗോപിനാഥ്, ബിനോയ് ജേക്കബ് മാളിയേക്കൽ, വി.എം. മുഹമ്മദ് ഷക്കീൽ, പി. രഘുനാഥ്, പി.എസ്.അൻവർ, സക്കറിയാ കണ്ടോത്ത്, ടി.എം.ഹംസ എന്നിവർ സംസാരിച്ചു.