school

കൊച്ചി: സംസ്ഥാനത്ത് കൂണുകൾ പോലെ സി.ബി.എസ്.ഇ സ്കൂൾ ഉയർന്ന് വരുന്നുണ്ടെങ്കിലും എറണാകുളം ജില്ലയിൽ അംഗീകരമുള്ള 200 എണ്ണം മാത്രം ! സി.ബി.എസ്.ഇ അഫിലിയേഷൻ ബോർഡ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. ജില്ലയിൽ 300ലധികം സി.ബി.എസ്.ഈ സ്കൂളുകളുണ്ടെന്നാണ് കണക്ക്. അതേസമയം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളുകൾക്ക് എതിരെ വിദ്യഭ്യാസ വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കഴിഞ്ഞ ദിവസം ഇത്തരം സ്കൂളുകളിൽ പ്രവേശം നടത്തരുതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.

അഫിലിയേഷൻ ലഭിക്കാത്ത സ്കൂളുകൾ വ്യാജ പ്രചരണം നടത്തി കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളതായി വിദ്യഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ബോർഡ് പരീക്ഷ എഴുതാൻ അർഹത ഉണ്ടായിരിക്കില്ല. പ്രവേശനം നേടുന്നതിന് മുമ്പായി ബന്ധപ്പെട്ട സ്കൂളുകൾക്ക് സി.ബി.എസ്.ഇയുടെ അഫിലിയേഷനുണ്ടോ എന്ന വിവരം പൊതുജനങ്ങൾ ഉറപ്പാക്കാം. സി.ബി.എസ്.ഇ. അഫിലിയേഷൻ ലഭിച്ച സ്കൂളുകളുടെ വിവരം www.cbse.aff.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

തോപ്പുംപടിയിലെ അരൂജ സ്‌കൂൾ അംഗീകാരമില്ലാതെ 18 വർഷത്തോളമാണ് പ്രവർത്തിച്ചത്. കഴിഞ്ഞ അദ്ധ്യയന വർഷം ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത് വലിയ വാർത്തയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായത്. രണ്ടു വർഷം മുമ്പ് കൊച്ചിയിലെ 29 സ്‌കൂളുകൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ അഫിലിയേഷന് അപേക്ഷിച്ചിട്ടും അംഗീകാരം ലഭിക്കാത്ത സ്‌കൂളുകളായിരുന്നു ഇത്. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂളുകളിൽ പലതും അംഗീകൃത സ്‌കൂളുകളുടെ മറവിൽ പ്രവർത്തിക്കുന്നവയാണ്.


അദ്ധ്യായ വർഷം തുടങ്ങി ദിവസങ്ങൾക്കകമാണ് ജില്ലയിലെ അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം ലഭിച്ചത്. ഇതനുസരിച്ച് അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഡെപ്യൂട്ടി ഡയറക്ടർ നടപടി സ്വീകരിച്ചെങ്കിലും സ്‌കൂൾ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത് വിദ്യാഭ്യാസ വകുപ്പിന് തിരിച്ചടിയായി. അംഗീകാരം എൽപിക്ക് മാത്രമാണെങ്കിൽ ആ വിഭാഗം നിലനിർത്തി യുപി അടച്ച് പൂട്ടാൻ നൽകിയ നിർദേശവും നടപ്പിലായില്ല. സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചത്. മാനേജ്‌മെന്റുകളുടെ വാദം അംഗീകരിച്ച കോടതി ആവശ്യപ്പെട്ടവർക്കെല്ലാം സ്റ്റേ അനുവദിക്കുകയും ചെയ്തു.


അഫിലിയേഷൻ നമ്പർ പരിശോധിക്കണം:
വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിന് മുമ്പ് സി.ബി.എസ്.ഇ. വെബ്‌സൈറ്റിലെ അഫിലിഷേൻ ലഭിച്ച സ്‌കൂളുകളുടെ വിവരങ്ങൾ നോക്കണം. അതുമല്ലെങ്കിൽ സ്‌കൂളുകളുടെ അഫിലിയേഷൻ നമ്പർ മനസിലാക്കിയതിന് ശേഷമാവണം പ്രവേശനം നടത്തേണ്ടത്. അല്ലെങ്കിൽ വഞ്ചിക്കപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ഡോ. ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ
കൗൺസിൽ ഒഫ് സി.ബി.സ്.ഇ. സ്‌കൂൾസ്