നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നിലവിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിയ്ക്കുന്ന നടപടി നിർത്തിവെയ്ക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക പ്രകാശൻ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിച്ചു.

പൊയ്ക്കാട്ടുശേരി കുറുപ്പനേയത്ത് ജനങ്ങൾ തിങ്ങി താമസിയ്ക്കുന്ന പ്രദേശത്താണ് കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ഷാപ്പ് മുതലാളിമാർ തമ്മിലുള്ള തർക്കത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഷാപ്പ് മാറ്റി സ്ഥാപിയ്ക്കൽ നടപടി എക്‌സൈസ് വകുപ്പ് അധികൃതർ ഇടപെട്ട് അടിയന്തരമായി നിർത്തിവെയ്ക്കണം. പ്രമേയം എക്‌സൈസ് വകുപ്പ് മന്ത്രി, കമ്മീഷണർ, റൂറൽ എസ്.പി എന്നിവർക്ക് അയച്ചു.