kuruppampady-town
കുറുപ്പംപടി ടൗൺ

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്നോണം കുറുപ്പംപടി ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഒരാഴ്ചത്തേയ്ക്ക് അടച്ചു. രായമംഗലം അശമന്നൂർ പഞ്ചായത്തുകളുടെ അതിർത്തിയായ മുടിക്കരായി മുതൽ പെരുമ്പാവൂർ നഗരസഭയുടെ അതിർത്തിയായ വട്ടോളിപ്പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം അടച്ചത്. എന്നാൽ പച്ചക്കറി, പലചരക്ക് കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രം ഇവിടെ തുറന്നു പ്രവർത്തിക്കും. ഇവയുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രമായിരിക്കും. കൊവിഡ് രോഗബാധിതരോട് അടുത്ത് ഇടപഴകിയവരും പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരും കുറുപ്പംപടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥിരം സന്ദർശകരായതിനാലാണ് കടകളടച്ച് പൂട്ടാൻ തീരുമാനമെടുത്തതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ വ്യക്തമാക്കി. കഴിഞ്ഞ 2 ദിവസമായി 31 കൊവിഡ് പോസിറ്റീവ് കേസുകളാണ് രായമംഗലം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. കുറുപ്പംപടി പള്ളിക്കമ്മിറ്റിയിലുൾപ്പെടുന്ന ചിലർക്ക് രോഗബാധയുണ്ടായതിനെത്തുടർന്ന് മറ്റ് കമ്മിറ്റി അംഗങ്ങൾ സ്വയം നിരീക്ഷണത്തിലാണ്. പഞ്ചായത്തിലെ 4ാം വാർഡിൽ തട്ടാംപുറംപടി ടാഗോർ മല റോഡ് കൂടാതെ കൂട്ടുമഠം കനാൽക്കവല വരെയുള്ള പ്രദേശവും മൈക്രോ കണ്ടെയ്മെന്റ് സോണാക്കി. ഇവിടെയും പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് റോഡുകൾ അടച്ചുകെട്ടി.