kt-jaleel

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധം ഒൗദ്യോഗികം മാത്രമായിരുന്നുവെന്ന് മന്ത്രി കെ.ടി. ജലീൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

യു.എ.ഇ കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് സ്വപ്‌നയെ പരിചയപ്പെട്ടത്. അന്ന് സരിത്ത് അവിടെ പി.ആർ.ഒ ആയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വപ്‌നയുമായുള്ള ബന്ധം ഉപയോഗിച്ചിട്ടില്ല. കോൺസുലേറ്റ് ജനറലുമായുള്ള ബന്ധവും ഒൗദ്യോഗികമാണ്. പ്രൊട്ടോകോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. മതഗ്രന്ഥം വിതരണം ചെയ്‌തത് തെറ്റല്ല. ആർക്കൊക്കെ വിതരണം ചെയ്‌തെന്ന് രേഖകളുണ്ട്. അത് കണ്ടെടുക്കാമെന്നും ജലീൽ മൊഴി നൽകി.

 19.5 സെന്റ് സ്ഥലം

ജലീലിന്റെ സാമ്പത്തികാവസ്ഥയും ഇ.ഡി തിരക്കി. പത്തൊമ്പതര സെന്റ് സ്ഥലവും വീട‌ുമാണുള്ളത്. 3.5 ലക്ഷം രൂപ ട്രഷറി അക്കൗണ്ടിലുണ്ട്. ഭാര്യയുടെ പേരിൽ പത്തു ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും ജലീൽ പറഞ്ഞു.

 ഇ.ഡിയുടെ രഹസ്യം

കൊച്ചി ഓഫീസിൽ ജലീലിനെ രഹസ്യമായി ചോദ്യംചെയ്യാൻ ഇ.ഡിയും സഹായിച്ചതായി സൂചനയുണ്ട്. ജലീലിന് നോട്ടീസ് നൽകിയതു പോലും അന്വേഷണ യൂണിറ്റായ കൊച്ചി ഓഫീസ് പുറത്തുവിട്ടില്ല. മന്ത്രിയെ ചോദ്യംചെയ്‌ത ദിവസം ഇ.ഡി ഉദ്യോഗസ്ഥർ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാൽ ന്യൂഡൽഹിയിൽ എൻഫോഴ്സ്‌മെന്റ് മോധാവി ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചതോടെ കൊച്ചിയിലെ ഉദ്യോഗസ്ഥർ ഫോണെട‌ുക്കാതെയായി.