ആലുവ: ഏഴ് വർഷമായിട്ടും നിർദിഷ്ട ജനറൽ മാർക്കറ്റ് സമുച്ചയം നിർമിക്കാത്ത നഗരസഭയുടെ വഞ്ചനാപരമായ നിലപാടിനെതിരെ മുറിക്കായി മുൻകൂർ പണം നൽകിയ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. 24ന് നഗരത്തിലെ മുഴുവൻ കടകളുമടച്ച് മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമരം നടത്താനാണ് ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ തീരുമാനം. മൂന്ന് ലക്ഷത്തിലേറെ രൂപ വീതമാണ് കച്ചവടക്കാരിൽ നിന്നും നഗരസഭ അഡ്വാൻസ് ഇനത്തിൽ കൈപ്പറ്റിയത്. ഏഴുവർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൊണ്ട് നഗരസഭയിലെ ഭരണകക്ഷിയായ കോൺഗ്രസ് തറക്കല്ലിടിക്കുകയായിരുന്നു. എന്നാൽ തുടർന്നു വന്ന കോൺഗ്രസ് ഭരണത്തിലും മാർക്കറ്റ് പണികഴിപ്പിക്കാനായില്ല. കടമുറികൾക്കായി അഡ്വാൻസ് നൽകിയ വ്യാപാരികൾ ഇതോടെ പെരുവഴിയിലായി. സഹികെട്ട വ്യാപാരികൾ മാർക്കറ്റ് പരിസരത്ത് താത്കാലിക ഷെഡുകൾ നിർമ്മിച്ചു. വിഷയം കോൺഗ്രസ് നഗരസഭ പാർലിമെന്ററി പാർട്ടിയിൽ ചർച്ചയ്ക്ക് വരികയും ഷെഡുകൾ പൊളിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.