വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശത്ത് പാചകവാതക വിതരണം നിലച്ചു. വിതരണ എജൻസിയായ കോസ്റ്റൽ ഗ്യാസ് എജനസിയുടെ പാചകവാതക ഗോഡൗണിന് പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതിനാൽ ഗോഡൗൺ അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടതിനെതുടർന്നാണ് എജൻസി വിതരണം നിർത്തി വെച്ചത്. പഞ്ചായത്തിന്റെ നിയമാനുസൃതമായ അനുവാദമോ സുരക്ഷാഎജൻസികളുടെ അനുമതിപത്രമോ ഇല്ലാതെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് നടപടി. അപാകതകൾ പരിഹരിച്ച് അപേക്ഷ നൽകി ഗ്യാസ് എജൻസിക്ക് ലൈസൻസ് വാങ്ങാവുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഗ്യാസ് വിതരണം നിർത്തിയെന്ന് അറിഞ്ഞപ്പോൾതന്നെ ഐ ഒ സി ചീഫ് മാനേജിംഗ് ഡയറക്ടർ ധനപാണ്ട്യനോട് ജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ അറിയിക്കുകയും പകരം സംവിധാനം ഒരുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുള്ളതാണ്. പാചക വിതരണത്തിന് തടസം വരില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് എളങ്കുന്നപ്പുഴ അപെക്‌സ് റസിഡൻസ് അസോസിയേഷൻ ഐ ഒ സി യോടും ജില്ലാ കളക്ടറോടും അഭ്യർത്ഥിച്ചു.