panambu
പനമ്പ് നെയ്ത്തു തൊഴിലാളി

പെരുമ്പാവൂർ: ചേരാനല്ലൂർ ബാംബു കോർപ്പറേഷൻ തൊഴിലാളികളായ ചേരാനല്ലൂർ ഗ്രാമത്തിലെയും, സമീപപ്രദേശങ്ങളിലെയും പനമ്പ് നെയ്ത്തു തൊഴിലാളികളോട് കോർപ്പറേഷൻ അധികൃതരുടെ തികഞ്ഞ അവഗണന. ഓണം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് അർഹതപ്പെട്ട ബോണസ് ഭൂരിഭാഗം തൊഴിലാളികൾക്കും ലഭിച്ചില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ബോണസും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തപ്പോൾ പാവപ്പെട്ട പനമ്പ് നെയ്ത്തു തൊഴിലാളികളോട് അധികൃതർ കാണിച്ചത് തികഞ്ഞ അവഗണനയാൻണെന്ന് ആരോപണമുയരുന്നത്. പുതിയതായി ആരംഭിച്ച ചേരാനല്ലൂരിലെ നെയ്ത്തുശാലയിൽ നേരിട്ടെത്തി ജോലി ചെയ്യുവാൻ സാധിക്കാത്ത പ്രായമായ തൊഴിലാളികൾക്ക് വീട്ടിൽ ഇരുന്ന് പനമ്പ് നെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും, ഇവർക്കുള്ള വേതനം നേരിട്ട് പണമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈറ്റ പനമ്പ് നെയ്ത്തു തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ നൽകണമെന്നും ചേരാനല്ലൂരിൽ വാർഡ് പ്രസിഡന്റ് ജോർജ് തേലക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കോൺഗ്രസ് പ്രവർത്തക യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ്, ബൂത്ത് പ്രസിഡന്റ് സിജി പോൾ, പ്രിൻസ് ആലുക്ക, ജോബി ആറ്റുപുറം, ബെനീഷ് ബേബി, സജി പെരിയപ്പാടൻ, ഷൈജി ജോയി, വനജ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ബോണസ് വിതരണം ചെയ്യണമെന്ന് കോൺഗ്രസ്

കൊവിഡ് മൂലം നാട് മുഴുവൻ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന സമയത്ത് തൊഴിലാളികൾക്ക് അർഹതപ്പെട്ട ബോണസ് ഈ മേഖലയിലെ പാവങ്ങൾക്ക് എത്രയും വേഗം വിതരണം ചെയ്യുവാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാക്കളായ പി.വൈ. പൗലോസ്, പ്രിൻസ് ആലുക്ക എന്നിവർ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാനും, എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.