പെരുമ്പാവൂർ: ഇരിങ്ങോൾ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച അക്കാഡമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈസ്‌കൂൾ വിഭാഗത്തിനുള്ള കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. വൊക്കേഷണൽ വിഭാഗത്തിനുള്ള കെട്ടിടം 49 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. അഞ്ച് ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹൈസ്‌കൂൾ വിഭാഗത്തിന് അനുവദിച്ച കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളും അദ്ധ്യാപകർക്കുള്ള സ്റ്റാഫ് മുറിയും അടങ്ങുന്നതാണ് വൊക്കേഷണൽ വിഭാഗത്തിനുള്ള കെട്ടിടം. 6244 ചതുരശ്രയടി ചുറ്റളവിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ മേൽനോട്ടം വഹിച്ചത്. 105 വർഷങ്ങൾ പിന്നിട്ട സ്‌കൂളിൽ 35 ഭിന്നശേഷി വിദ്യാർഥികളെ ഉൾക്കൊള്ളുന്ന റിസോഴ്‌സ് സെന്റർ സംസ്ഥാനത്തെ തന്നെ മികച്ച സെന്ററുകളിൽ ഒന്നാണ്.
നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിജു ജോൺ ജേക്കബ്ബ്, ശാന്ത പ്രഭാകരൻ, ഓമന സുബ്രഹ്മണ്യൻ, അസി. വിദ്യാഭ്യാസ ഓഫീസർ വി. രമ, പ്രിൻസിപ്പാൾ ഡോ. ജ്യോതിമോൾ ജി, ഹെഡ്മാസ്റ്റർ ബഷീർ വി.യു, വിജീഷ് വിദ്യാധരൻ, എസ്.എം.സി പ്രസിഡന്റ് ജയൻ ടി.ജി, ബിന്ദു ഉണ്ണികൃഷ്ണൻ, മുഹമ്മദാലി കെ.എ, ജിഷ ജോസഫ് എന്നിവർ സംസാരിച്ചു.