വൈപ്പിൻ: മുരിക്കുംപാടം ശ്മശാനത്തിൽ പുതിയതായി സ്ഥാപിച്ച ഗ്യാസ് ക്രിമ്മിറ്റോറിയത്തിന്റെ ഉദ്ഘാടനചടങ്ങ് അലങ്കോലമാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഡോണോ, കോൺഗ്രസ് പ്രവർത്തകരായ സ്വാതിഷ് സത്യൻ, സെബാസ്റ്റ്യൻ ജോർജ് എന്നിവർക്കെതിരെയാണ് നടപടി. പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ആമുഖപ്രസംഗം നടത്തികൊണ്ടിരിക്കവേയാണ് ഒരു വിഭാഗം ആളുകൾ പ്രസംഗം തടസപ്പെടുത്തുകയും മൈക്ക് ഒടിക്കുകയും തുടർന്ന് ചടങ്ങ് പൂർത്തിയാക്കാതെ പരിപാടി ബഹളത്തിൽ കലാശിക്കുകയും ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് വിമതനായ ഇദേഹത്തെ മാറ്റി കോൺഗ്രസ് ജില്ലാപഞ്ചായത്ത് അംഗമായ സോന ജയരാജിനെയാണ് സ്വാഗതം പറയുന്നതിന് ജില്ലാപഞ്ചായത്ത് തീരുമാനിച്ചത്. ഇതേതുടർന്നുള്ള കലഹം മൂലം രണ്ട് പ്രാവശ്യം ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചിരുന്നു. മൂന്നാമത്തെ പ്രാവശ്യം നിശ്ചയിച്ച ഉദ്ഘാടന ചടങ്ങിലാണ് അലങ്കോലം ഉണ്ടായത്. കോൺഗ്രസിലെ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് പദവി ഒഴിയാത്തതിന് ഉണ്ണികൃഷ്ണനെ കോൺഗ്രസിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ഇതാണ് ഉദ്ഘാടന ചടങ്ങിൽ പ്രതിഫലിച്ചത്.