kummanam
ജില്ലാ ആശുപത്രിക്ക് മുമ്പിൽ അനിശ്ചിതകാല സമരം നടത്തുന്ന കടുങ്ങല്ലൂർ സ്വദേശിനി നന്ദിനിയുമായി സമരപ്പന്തലിലെത്തി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ സംസാരിക്കുന്നു

ആലുവ: ഏക മകന്റെ മരണകാരണമറിയാൻ മാതാവ് നടത്തുന്ന സമരത്തോട് സർക്കാർ മുഖംതിരിഞ്ഞ് നിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിൽ സത്യാഗ്രഹമിരിക്കുന്ന കടുങ്ങല്ലൂർ സ്വദേശിനി നന്ദിനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിക്ക് വേണ്ടിയൊരമ്മ നടത്തുന്ന സമരം സർക്കാർ ഗൗരവമായി കാണണം. കേസുണ്ടായനാൾ മുതൽ കുടുംബത്തിന് നീതിലഭിക്കാൻ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം ഭരണാധികാരികൾക്ക് പരാതി നൽകി. വിവിധ വകുപ്പുകളുമായി സംസാരിച്ചു. എന്തുകൊണ്ട് മന്ത്രിമാരാരും തിരിഞ്ഞു നോക്കുന്നില്ല. അധികാരികൾ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ ഒളിച്ചുകളിക്കുകയാണ്. മനുഷ്യവകാശ ലംഘനമാണിത്. ഇക്കാര്യത്തിൽ സർക്കാർ ഒളിച്ചുകളിയും നിഷ്‌ക്രിയത്വവും ഒഴിവാക്കി നീതിനൽകണമെന്നും അല്ലാത്തപക്ഷം ബി.ജെ.പി ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ആർ. സതീഷ്‌കുമാർ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.