കൊച്ചി: വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ മെട്രോ സർവീസുകളുടെ പ്രവർത്തനതടസം ഒഴിവാക്കാൻ ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മുട്ടം ഡിപ്പോയിൽ നിർമിച്ച പുതിയ ഇലക്ട്രിക് സബ് സ്റ്റേഷൻ എം.ഡി. അൽകേഷ് കുമാർ ശർമ ഉദ്ഘാടനം ചെയ്തു. മെട്രോ കോച്ചുകളുടെ അറ്റകുറ്റപ്പണി, തകരാർ പരിഹരിക്കൽ, സ്‌റ്റേഷനുകളുടെ പ്രവർത്തന നിയന്ത്രണം എന്നിവ നടക്കുന്ന മുട്ടത്തെ ഓപ്പറേഷൻ കമാൻഡ് സെന്ററിൽ 24 മണിക്കൂറും വൈദ്യുതി വിതരണം സബ്‌സ്‌റ്റേഷൻ ഉറപ്പാക്കും. മൊത്തം 20 കോടി രൂപ ചെലവിലാണ് സംയോജിത സബ്‌സ്‌റ്റേഷനും രണ്ടുനില കെട്ടിടവും നിർമിച്ചത്.
പുതിയ സബ്‌സ്‌റ്റേഷൻ കമ്മീഷൻ ചെയ്തതോടെ തടസമില്ലാതെ ട്രെയിൻ സർവീസുകൾ നടത്താൻ കെഎംആർഎലിന് കഴിയും. 2018ലെ വെള്ളപ്പൊക്കം കാരണം മെട്രോ സർവീസുകൾക്ക് തടസം നേരിട്ടിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആക്‌സിലറി, ട്രാക്ഷൻ ഇരട്ട ഇലക്ട്രിക്കൽ സബ്‌സ്‌റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഭാവിയിൽ കൊച്ചി മെട്രോ കാക്കനാട്ടേക്കും തൃപ്പൂണിത്തുറയിലേക്കും നീട്ടുമ്പോൾ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സഹായകരമാവുന്ന രീതിയിലാണ് സബ്‌സ്‌റ്റേഷന്റെ നിർമാണം.