thakka-home-
ലൈഫ് മിഷനിലൂടെ ലഭിച്ച വീട്ടിൽ മുന്നിൽ തങ്ക

പറവൂർ: എൺപതിന്റെ പ്രായാധിക്യവും ശാരീരിക പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും നടുവിൽ തങ്ക വാടക ഷെഡിൽ കഴിച്ചുകൂട്ടിയത് പതിമൂന്ന് വർഷം. മരിക്കുന്നതിനു മുമ്പ് സുരക്ഷിതമായ സ്വന്തം വീട് തങ്കക്ക് സ്വപ്നമായിരുന്നു. ഒടുവിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ യാഥാർഥ്യമായതിലുള്ള സന്തോഷത്തിലാണ് തങ്ക. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ മാട്ടുത്തറയിൽ സ്ഥിരതാമസക്കാരിയാണ് ഈ എൺപതുകാരി. കാലപ്പഴക്കം ചെന്ന വീട്ടിലും പരിസരത്തും മഴക്കാലത്ത് വെള്ളക്കെട്ട് പതിവാകുമ്പോൾ താമസം മകളുടെ കൊച്ചു വീട്ടിലേക്ക് മാറ്റാറായിരുന്നു പതിവ്. ഭിന്നശേഷിക്കാരനായ മകൻ ഉൾപ്പെടുന്ന മകളുടെ വീട്ടിലെ ജീവിതവും ദുരിതപൂർണമായപ്പോൾ തങ്ക താമസം വാടക ഷെഡിലാക്കി. വർഷങ്ങൾക്ക് ശേഷം ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെടുകയും വീട് ലഭിക്കുകയും ചെയ്തതോടെ ഷെഡിൽ നിന്നും മോചിതയായി. ഇപ്പോൾ മകളെയും കുടുംബത്തെയും ഒപ്പം താമസിപ്പിച്ചിരിക്കുകയാണ് തങ്ക. അവർക്കും അത് വലിയ ആശ്വാസമായി. ഇടക്കിടെ ഓർമ നഷ്ടപ്പെടുന്ന തങ്കക്ക് പരസഹായം ആവശ്യമാണ്. അന്ത്യകാലത്ത് മകളുടെ സംരക്ഷണം തങ്ക ഉറപ്പാക്കി. ക്ഷേമ പെൻഷൻ കിട്ടുന്നതിനാൽ അല്ലലില്ലാതെ കഴിഞ്ഞു പോകുകയാണ് തങ്ക.