marriage
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടത്തിയ മംഗല്യം സമൂഹവിവാഹ ചടങ്ങിൽ വിവാഹിതരായവർക്കൊപ്പം ട്രസ്റ്റ് ഭാരവാഹികൾ

# 12 യുവതികൾ സുമംഗലികളായി

കാലടി: സെപ്തംബർ 5 മുതൽ 6 ദിവസങ്ങളിലായി നടന്ന മംഗല്യം 2020 സമൂഹവിവാഹം സമാപിച്ചു. ഇന്നലെ നടന്ന രണ്ട് വിവാഹങ്ങളോടെ ഈ വർഷം 12 യുവതികളുടെ വിവാഹങ്ങൾ നടത്തി. ഇതോടെ 2013 ൽ ആരംഭിച്ച മംഗല്യം സമൂഹ വിവാഹ പദ്ധതിയിൽ 100 യുവതികളാണ് ദേവീസന്നിധിയിൽ സുമംഗലികളായത്. മംഗല്യം 2020ന്റെ അവസാന ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി . ലളിതമായി നടന്ന ചടങ്ങിൽ തിരുവനന്തപുരത്തുനിന്ന് ഓൺലൈനായി മന്ത്രി വധൂവരൻമാർക്ക് ആശംസനേർന്നു. കൊവിഡ് മഹാമാരിക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ച് സമൂഹവിവാഹം സംഘടിപ്പിച്ച ക്ഷേത്ര ട്രസ്റ്റിനെ മന്ത്രി അഭിനന്ദിച്ചു. തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് നാലുകോടി രൂപ അനുവദിച്ച അന്നദാന മണ്ഡപത്തിന്റെ നിർമ്മാണ പുരോഗതി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ അവലോകനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എം.കെ. കലാധരൻ, ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, വൈസ് പ്രസിഡന്റ് സി.പി ഷാജി, ജോ. സെക്രട്ടറി പി.ജി. സുകുമാരൻ, ട്രസ്റ്റ് അംഗങ്ങളായ കെ.കെ. ബാലചന്ദ്രൻ, രാകേഷ് മാടവന തുടങ്ങിയവർ സംസാരിച്ചു.